ശബരിമല സ്വർണ്ണകൊള്ളയിൽ 2025 ൽ ദ്വാരപാലകശില്പം സ്വർണ്ണ പൂശാൻ കൊണ്ടുപോയത്തിലെ അന്വേഷണത്തിലേക്ക് കടന്ന് SIT. 2025 ൽ സ്വർണ്ണംപൂശലുമായി ബന്ധപ്പെട്ട് നടന്ന എല്ലാ സാമ്പത്തിക ഇടപാടും പരിശോധിക്കുമെന്ന് SIT അറിയിച്ചു . പി എസ് പ്രാശാന്തിന്റെ സമയത്ത് സ്വർണ്ണം പൂശാൻ കൊണ്ടുപോയത്തിലെ സാമ്പത്തിക ഇടപാടുകളിലാണ് പരിശോധന നടക്കുക.
1998 മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലത്തെ ക്രമക്കേടുകൾ അന്വേഷിക്കുകയാണെന്നും നാലാം ഘട്ടത്തിൽ അന്വേഷിക്കുന്നത് പ്രശാന്തിന്റെ ഭരണ സമിതി ദ്വാരപാലക പാളികളിൽ സ്വർണം പൊതിയാൻ നടത്തിയ ഇടപെടലുകളാണെന്നും എസ്ഐടി പറയുന്നു. 2 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിലും കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും എസ്ഐടി വ്യക്തമാക്കി.
അതേസമയം അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. നാലാം ഘട്ടത്തിലും സൂക്ഷ്മമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി പറഞ്ഞു. ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചുവെന്ന് എസ്ഐടിയും വ്യക്തമാക്കി. ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്ഐടി ഹൈക്കോടതിയിൽ അറിയിച്ചു.
രേഖകൾ മറച്ചുവെക്കാൻ ചില വ്യക്തികൾ ശ്രമിച്ചെങ്കിലും, സുപ്രധാന രേഖകൾ കണ്ടെത്താനും വീണ്ടെടുക്കാനും എസ്ഐടി സംഘത്തിന് കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു. നിർഭയമായി അന്വേഷണം മുന്നോട്ടു പോകണം. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്ഐടി സംഘത്തലവന് ഉൾപ്പെടുത്താം. പക്ഷേ ഹൈക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.



