സമാന്ത റൂത്ത് പ്രഭു നായികയാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘മാ ഇൻടി ബംഗാരം’. ‘സിറ്റാഡൽ: ഹണ്ണി ബണ്ണി’, ‘ദ ഫാമിലി മാൻ സീസൺ 2’ എന്നീ ആമസോൺ സീരീസുകളിലൂടെ ആക്ഷകൻ താര പരിവേഷം നേടിയ സമാന്തയുടെ തീർത്തും വ്യത്യസ്തമായ മറ്റൊരു കഥാപാത്രമാകും സിനിമയിലേത് എന്നാണ് സൂചന. സ്റ്റണ്ട് ആർട്ടിസ്റ്റുകളെ ഉപയോഗിക്കാതെ നടി തന്നെയാണ് സിനിമയിലെ ആക്ഷൻ രംഗങ്ങൾ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസർ-ട്രെയ്‌ലർ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് സമാന്ത.
ഒരു ബസിനുള്ളിൽ സാരിയുടുത്ത് കോപത്തോടെ നിൽക്കുന്ന സമാന്തയെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഇതൊരു ആക്ഷൻ രംഗത്തിൽ നിന്നുള്ള സ്റ്റിൽ ആകാനാണ് സാധ്യത. സമാന്തയുടെ പങ്കാളി രാജ് നിദിമോരു ആണ് സിനിമയുടെ ക്രിയേറ്റർ. നന്ദിനി റെഡ്ഡി ആണ് സംവിധാനം. ‘ഓ! ബേബി’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ‘മാ ഇൻടി ബംഗാരം’. ഗുൽഷൻ ദേവയ്യ, ദിഗന്ദ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ജനുവരി ഒൻപതിന് രാവിലെ 10 മണിക്കാകും സിനിമയുടെ ടീസർ-ട്രെയ്‌ലർ പുറത്തിറങ്ങുക.


