ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. ഹൃദയം കവര്‍ന്ന നിത്യസുന്ദരഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച മഹാഗായകനായിരുന്നു പി ജയചന്ദ്രന്‍. ഒരു അനുരാഗഗാനം പോലെ ആരും അലിഞ്ഞുപോകുന്നതായിരുന്നു ആ സ്വരം. ഭാവതീവ്രമായ ആ സ്വരമാധുരി സംഗീതനദിയായി തഴുകി, വൈകാരികതയില്‍ മുങ്ങിത്തോര്‍ത്തി ഓരോ മനസിലും ഹര്‍ഷബാഷ്പം വീഴ്ത്തി.
ശ്രുതിശുദ്ധമായ ആ സ്വരം പാലപ്പൂവിലും മലര്‍വാകക്കൊമ്പത്തുമെല്ലാം മലയാളിക്കൊപ്പം പൂനുള്ളാന്‍ കൂടെപ്പോന്നു. കണ്ണില്‍ കാശിത്തുമ്പകളെ കാണിച്ച് അതേ ശബ്ദം നമ്മുടെ കൗമാരങ്ങളെ വിസ്മയിപ്പിച്ചു. ഹൃദയത്തെ ആര്‍ദ്രമാക്കുന്നതായിരുന്നു ആ ആലാപനം. പ്രണയവും വിരഹവും ഭക്തിയും താരാട്ടുമെല്ലാം ചന്ദനത്തില്‍ കടഞ്ഞെടുത്ത ആ മോഹനരാഗത്തില്‍ അലിഞ്ഞു. കേട്ടാലും കേട്ടാലും മതിവരാത്ത നിത്യസുന്ദരഗാനങ്ങളായിരുന്നു എല്ലാം. ആറു പതിറ്റാണ്ടോളം മലയാളി ജീവിതത്തില്‍ ഒരു കുളിര്‍കാറ്റുപോലെ നിറഞ്ഞുനിന്നു ആ സ്വരം.
മലയാളം, തമിഴ്ക, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളിലായി പതിനയ്യായിരത്തിലേറെ ഗാനങ്ങള്‍. ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന രാസാത്തിയും, കാത്തിരുന്ത്, കാത്തിരുന്ത് കാലങ്ങള്‍ പോകുതെടിയും എങ്ങനെ മറക്കാനാകും? ബാബുരാജ്, എം എസ് വിശ്വനാഥന്‍, ജോണ്‍സണ്‍, എം കെ അര്‍ജുനന്‍ ,ദക്ഷിണാമൂര്‍ത്തി, ജി ദേവരാജന്‍, വിദ്യാസാഗര്‍ തുടങ്ങി എത്രയോ മഹാരഥന്മാര്‍ക്കൊപ്പമാണ് ഭാവഗായകന്‍ ഇഴ ചേര്‍ന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും പി ജയചന്ദ്രന്റെ സ്വരമാധുര്യം തിളങ്ങി നിന്നു. അഞ്ചു ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങള്‍ക്കാണ് പി ജയചന്ദ്രന്‍ ജീവന്‍ നല്‍കിയത്. 1965 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയില്‍ പി.ഭാസ്‌കരന്‍ എഴുതി ചിദംബരനാഥ് സംഗീതം നല്‍കിയ ‘ഒരു മുല്ലപ്പൂമാലയുമായി’ എന്ന പാട്ടു പാടി. ആ ചിത്രത്തിന്റെ റിലീസ് വൈകിയെങ്കിലും പാട്ടു കേട്ട ജി.ദേവരാജന്‍ കളിത്തോഴന്‍ എന്ന ചിത്രത്തില്‍ അവസരം നല്‍കി. ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന, മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു അത്. ആ പാട്ടാണ് ജയചന്ദ്രന്‍ പാടി പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രഗാനം. പിന്നീട് ജയചന്ദ്രന്‍ ജോലി വിട്ട് സംഗീതരംഗത്തു തുടര്‍ന്നു.



