സ്കൂൾ കോളജ് വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ. സർക്കാരിന്റെ നേട്ടങ്ങൾ ചോദ്യത്തിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയം കുട്ടികളിൽ അടിച്ചേല്പിക്കുന്നുവെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി.
ഇന്ന് മുതലാണ് ക്വിസ് നടക്കുന്നത്. ചില ചോദ്യങ്ങളുടെ ഉത്തരം മുഖ്യമന്ത്രിയാണ്. അതിദാരിദ്ര മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആരാണ് എന്നതടക്കമാണ് ചോദ്യങ്ങളിലുള്ളത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടി കേവലം പാർട്ടി പ്രചാരണമായി മാറിയെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. പൂർണ്ണമായും സർക്കാരിനെ പുകഴ്ത്തുന്ന ചോദ്യാവലി പുറത്തു വന്നതോടെയാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധം കടുപ്പിച്ചത്.
മത്സരത്തിന് പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ എന്‍റെ കേരളം പുസ്തകത്തില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും ഇടത് സഹയാത്രികരുടെയും ലേഖനങ്ങളും ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറിപ്പുകളുമാണുള്ളത്.



