കാനഡയിലെ ലണ്ടൻ ഒന്റാറിയോയിൽ മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങൾക്ക് എതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി നോർക്ക – ലോക കേരള സഭ കോർഡിനേഷൻ കൗൺസിൽ .
കാനഡയുടെ വിവിധ പ്രൊവിൻസുകളിൽ അടുത്തകാലത്തായി ഇന്ത്യൻ വംശജകർക്കും പ്രത്യേകിച്ച് മലയാളികൾക്കും നേരെ വിധ്വേഷപരമായ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നോർക്ക – ലോക കേരള സഭ കോർഡിനേഷൻ കൗൺസിൽ നിലപാട് വ്യക്തമാക്കിയത് .
സമാധാനപരമായി കഴിയുന്ന പ്രവാസി സമൂഹത്തിന്റെ സുരക്ഷയെ ഇത്തരം സംഭവങ്ങൾ ഗൗരവതരമായി ബാധിക്കുന്നു എന്നും സംഘടന ചൂണ്ടിക്കാട്ടി .
മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങളെപ്പറ്റി ബന്ധപ്പെട്ട അധികാരികൾ ഉചിതമായ അന്വേഷണം നടത്തി , കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു .
വരാനിരിക്കുന്ന ലോക കേരള സഭയിൽ ഈ വിഷയം ഗൗരവതരമായി അവതരിപ്പിക്കുമെന്നും സംഘടന അറിയിച്ചു . കുടിയേറ്റ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കനേഡിയൻ ഭരണകൂടം ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിലൂടെ കൗൺസിൽ ആവശ്യപ്പെട്ടു.



