സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൻ്റെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക് എഐയിലൂടെ കുട്ടികളുടെയും സ്ത്രീകളുടെയും അടക്കം അശ്ലീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് യൂറോപ്യന്‍ യൂണിയന്‍. തിങ്കളാഴ്ചയാണ് ഔദ്യോഗികമായ അന്വേഷണം ആരംഭിച്ചത്. ഗ്രോക്ക് എഐ വഴി കുട്ടികളുടേതടക്കം ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍ വന്നതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗികത പ്രകടമാക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഗ്രോക്ക് എഐയിലൂടെ നിര്‍മിക്കുകയും പ്രചരിക്കുകയും ചെയ്തിരുന്നു. സെന്റര്‍ ഫോര്‍ കൗണ്ടറിങ്ങ് ഡിജിറ്റല്‍ ഹേറ്റിന്റെ കണക്ക് പ്രകാരം രണ്ട് ആഴ്ചയ്ക്കിടെ മൂന്ന് മില്യണ്‍ ചിത്രങ്ങളാണ് ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ടത്. ഇതില്‍ 23,000ത്തോളം ചിത്രങ്ങളും കുട്ടികളെ മോശമാക്കി ചിത്രീകരിക്കുന്നതാണ്.
“ചിന്തിക്കാന്‍ പോലുമാവാത്ത മോശം സാഹചര്യങ്ങൾ യൂറോപ്പില്‍ സംഭവിക്കുന്നത് അനുവദിക്കാനാവില്ല. പ്രത്യേകിച്ചും ഡിജിറ്റല്‍ സ്‌പേസില്‍ കുട്ടികളെയും സ്ത്രീകളെയും വിവസ്ത്രരാക്കിയുള്ള ചിത്രങ്ങള്‍ വരുന്നതു പോലെയുള്ള കാര്യങ്ങൾ,” യൂറോപ്യന്‍ കമ്മീഷന്‍ തലവന്‍ ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു.
കുട്ടികളുടെ സംരക്ഷണം ലംഘിക്കാനും അതുവഴി പണമുണ്ടാക്കാനുമുള്ള അനുവാദം തങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും. ഇത്തരം നിയമവിരുദ്ധ ചിത്രങ്ങളിലൂടെ ഉണ്ടാകുന്ന അപകടം വളരെ വലുതാണെന്നും ഉര്‍സുല തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
അടുത്തിടെയാണ് സാധാരണ ഫോട്ടോകളെ പ്രത്യേകിച്ച് സ്ത്രീകളുടെ സോഷ്യല്‍ മീഡിയ ചിത്രങ്ങളെ അവരുടെ സമ്മതമില്ലാതെ ബിക്കിനി അല്ലെങ്കില്‍ അര്‍ധനഗ്ന ഡീപ്പ് ഫേക്ക് ചിത്രങ്ങളാക്കി മാറ്റുന്ന ട്രെന്‍ഡ് എക്സ് പ്ലാറ്റ്‌ഫോമില്‍ വ്യാപകമായി പ്രചരിച്ചത്. ഇത് സ്വകാര്യതയുടെ കടുത്ത ലംഘനമാണെന്നും, സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ അതിക്രമമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സെലിബ്രിറ്റികളെയും രാഷ്ട്രീയ നേതാക്കളെയും സാധാരണ ഉപയോക്താക്കളെയും വരെ ബാധിക്കുന്ന ഈ പ്രവണത എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം എത്രമാത്രം അപകടകരമാകാമെന്നതിന്റെ തെളിവായി മാറുകയാണ് എന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയന്‍ അടക്കം ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ ഇന്ത്യന്‍ സര്‍ക്കാരും ഇതുമായി ബന്ധപ്പെട്ട് എക്‌സിന് നോട്ടീസ് അയച്ചിരുന്നു. അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.



