ഒരിടവേളയ്ക്ക് ശേഷം വീണ്ടും താരിഫ് ഭീഷണിയുമായി എത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എക്സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപിൻ്റെ പ്രഖ്യാപനം. കമ്മ്യൂണിസ്റ്റ് ദ്വീപ് രാഷ്ട്രമായ ക്യൂബയ്ക്ക് മേൽ സമ്മർദം വർദ്ധിപ്പിക്കുന്ന തരത്തിലാണ് ട്രംപിന്റെ നീക്കം. അതേ സമയം കനേഡിയൻ വിമാനങ്ങൾക്ക് 50% തീരുവ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
“ക്യൂബയ്ക്ക് നേരിട്ടോ അല്ലാതെയോ ഏതെങ്കിലും എണ്ണ വിൽക്കുകയോ അല്ലെങ്കിൽ നൽകുകയോ ചെയ്യുന്ന വിദേശ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക മൂല്യം കണക്കാക്കി തീരുവ ചുമത്താവുന്നതാണെന്ന്, വൈറ്റ് ഹൗസ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമത്തിന്റെ (IE) അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
യുഎസ് ദേശീയ സുരക്ഷയ്ക്ക് “അസാധാരണമായ ഭീഷണി” എന്നുപറഞ്ഞാണ് ട്രംപ് ക്യൂബൻ സർക്കാരിനെ പരാമർശിക്കുന്നത്. “റഷ്യ, ചൈന, ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നീ തീവ്രവാദ ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെ നിരവധി ശത്രുതാപരമായ രാജ്യങ്ങൾ, അന്തർദേശീയ തീവ്രവാദ ഗ്രൂപ്പുകൾ, അമേരിക്കയെ പ്രതികൂലമായി ബാധിക്കുന്ന ദുഷ്ട ശക്തികൾ എന്നിവരുമായി ക്യൂബൻ ഭരണകൂടം സഖ്യത്തിലാകുന്നു – അവർക്ക് പിന്തുണ നൽകുന്നുവെന്നും ട്രംപ് ആരോപിച്ചു.
1962 മുതൽ യുഎസ് ഉപരോധത്തിന് വിധേയമായിരുന്ന ക്യൂബ, അടുത്ത കാലം വരെ വെനിസ്വേലയിൽ നിന്നാണ് എണ്ണയുടെ ഭൂരിഭാഗവും സ്വീകരിച്ചിരുന്നത്. എന്നാൽ വെനിസ്വേലയുടെ സ്വേച്ഛാധിപത്യ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിനുശേഷം, ട്രംപ് രാജ്യത്തിന്റെ എണ്ണ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ഒരു കരാറില്ലാതെ ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി നിർത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. സമീപ വർഷങ്ങളിൽ കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ക്യൂബ.



