രണ്ടാഴ്ചയോളമായി തുടരുന്ന യുഎസ് ഇസ്രയേൽ ആക്രമണങ്ങൾക്കൊന്നും ഇറാനെ തകർക്കാനായിട്ടില്ലെന്ന് യു.എസ് ഇൻ്റലിജൻസ് ഏജൻസി റിപ്പോർട്ട്. ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലല്ല രാജ്യം എന്നാണ് നിരീക്ഷണം.
എണ്ണ വില കുതിച്ചുയരുന്നതിനെ തുടർന്നുള്ള രാഷ്ട്രീയ സമ്മർദ്ദം വർധിച്ചു വരുന്ന സാഹചര്യത്തിൽ സൈനിക നടപടികൾ അവസാനിപ്പിക്കുമെന്ന് യുഎസ് അറിയിച്ചിരുന്നു. എന്നാൽ ഇറാൻ നിലപാടിൽ ഉറച്ചു നിൽക്കുന്നിടത്തോളം യുദ്ധം വേഗം അവസാനിക്കാനുള്ള സാധ്യത കുറവാണെന്നാണ് വാർത്താ സ്രോതസുകൾ പറയുന്നത്.
ഇസ്രയേൽ-യുഎസ് ആക്രമണത്തിൻ്റെ ആദ്യ ദിവസം തന്നെ തങ്ങളുടെ പരമോന്നത നേതാവ് മരിച്ചിട്ടും രാജ്യം ഐക്യം നിലനിർത്തിയതിനെ കുറിച്ച് ഇൻ്റലിജൻസ് ഏജൻസി പരാമർശിക്കുന്നുണ്ട്.
യുദ്ധം ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് നിലവിലെ നിരീക്ഷണം. എന്നാൽ നാഷണൽ ഇൻ്റലിജൻസ് ഏജൻസി ഡയറക്ടറോ കേന്ദ്ര ഇൻലിജൻസ് ഏജൻസിയോ വാർത്തകളിൽ പ്രതികരിച്ചിട്ടില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിക്ക് പകരം മകൻ മൊജ്തബ ഖമനേയി ആണ് ഇറാൻ്റെ പരമോന്നത നേതാവായി നിയമിതനായിരിക്കുന്നത്.



