ഫെബ്രുവരി 7ന് ഇന്ത്യയില്‍ തുടങ്ങുന്ന ടി20 ലോകകപ്പിൽ നിന്ന് അവസാന നിമിഷം പിന്മാറിയാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും ക്രിക്കറ്റ് ലോകത്ത് നിന്നുള്ള ഒറ്റപ്പെടലിലേക്കും നീങ്ങുമെന്ന് റിപ്പോർട്ട്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ബഹിഷ്കരണ ഭീഷണി മുഴക്കിയത്. എന്നാൽ ഇത്തരമൊരു നീക്കം പാക് ക്രിക്കറ്റിന്‍റെ നിലനിൽപ്പിനെയാകെ ബാധിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ മുന്നറിയിപ്പ്.
പാകിസ്ഥാൻ ടി20 ലോകകപ്പ് ബഹിഷ്കരിച്ചാൽ സ്വാഭാവികമായും കടുത്ത തിരിച്ചടി അവർക്ക് ഉറപ്പാണ്. ഐസിസിയിൽ നിന്ന് പാകിസ്ഥാന് ലഭിക്കേണ്ട വാർഷിക വരുമാന വിഹിതമായ 34.5 ദശലക്ഷം ഡോളർ (ഏകദേശം 966 കോടി രൂപ) ഐസിസി തടഞ്ഞുവയ്ക്കും.
കൂടാതെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) കളിക്കാൻ വിദേശ താരങ്ങൾക്ക് എൻഒസി നൽകില്ല. ഇത് പാക് ക്രിക്കറ്റ് ലീഗിന്‍റെ വാണിജ്യ മൂല്യം തകർക്കാനിടയാക്കും. കൂടാതെ വരാനിരിക്കുന്ന ഏഷ്യാ കപ്പുകളിൽ നിന്നും ഐസിസി പാകിസ്ഥാനെ വിലക്കിയേക്കും. കൂടാതെ മറ്റു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പരമ്പരകളും റദ്ദാക്കപ്പെടും.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ടൂർണമെന്‍റിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ ഈ വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ സർക്കാർ അന്തിമ തീരുമാനമെടുക്കും.
ടി20 ലോകകപ്പിനുള്ള പാക് ടീം:
സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, ഫഖർ സമാൻ, ഷദാബ് ഖാൻ, നസീം ഷാ, അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.



