പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ് ജനപ്രിയമാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പരമാവധി എല്ലാ മേഖലയിലും കുതിച്ചു ചാട്ടം ഉണ്ടാകുന്ന ബജറ്റ് ആയിരിക്കും. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നതിൽ ധനമന്ത്രി നിലപാട് വ്യക്തമാക്കിയില്ല. ശമ്പള പരിഷ്കരണം ബജറ്റിൽ പ്രഖ്യാപിക്കണമെന്നില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
പ്രതിസന്ധിയുടെ വലിയ ഘട്ടം കഴിഞ്ഞുവെന്നും ഇനി വളർച്ചയുടെ കാലമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടിൽ എല്ലാമുണ്ട്. അത് ബജറ്റിൽ തന്നെ പറയണം എന്നില്ല. ഡി.എ കുടിശ്ശികയും നൽകാനുണ്ട്. അക്കാര്യത്തിലും നൽകണമെന്ന് തന്നെയാണ് നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിന് വലിയ വികസനവും മാറ്റങ്ങളും ഉണ്ടാകുന്ന തരത്തിലുള്ള നിർദേശങ്ങളും ബജറ്റിലുണ്ടാകും. സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുച്ചാട്ടം ഉണ്ടാകും. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നല്ല സമീപനമല്ല ലഭിക്കുന്നത്. കേന്ദ്രത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള കടന്നാക്രമണമാണ് ഏറ്റവും വലിയ വെല്ലുവിളിയായി ഉണ്ടായിരുന്നതെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഓരോ ഘട്ടത്തിലും മുന്നോട്ടു പോകേണ്ടതെന്ന ആശങ്കയുണ്ടായിരുന്നു. നിരന്തരം പ്രതിസന്ധി ഉണ്ടാക്കി. എല്ലാ മറികടക്കാൻ കഴിഞ്ഞു. ഏകപക്ഷീയമായും രാഷ്ട്രീയപരമായും കേന്ദ്രം പെരുമാറിയെന്നും മന്ത്രി കെഎൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.


