ഇന്ത്യയും യുറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ വിപണിയെ പ്രതീക്ഷയോടെ നോക്കി കാണുകയാണ് യുറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍. ഇറക്കുമതി തീരുവയില്‍ ഉണ്ടാകുന്ന വന്‍ കുറവോടെ കാര്‍ വിപണി കീഴടക്കാനാകുമെന്നതാണ് പ്രതീക്ഷ. നികുതി കുറഞ്ഞാലും കുറഞ്ഞ വിലയില്‍ മികച്ച സൗകര്യങ്ങള്‍ നല്കുന്ന ടാറ്റ, മഹീന്ദ്ര, മാരുതി തുടങ്ങിയ വമ്പന്‍ ശൃംഖലയെ മറികടക്കുക യൂറോപ്യന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാകും.
ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യ എന്നും വിദേശ കമ്പനികളുടെ സ്വപനഭൂമിയാണ്. നിലവില്‍ യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് 3 ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം. ഇറക്കുമതി തീരുവ 110 ശതമാനമായതിനാല്‍ തന്നെ പല കാറുകള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ പിടിച്ച് നില്ക്കാന് കഴിയാത്ത സാഹചര്യവുമായിരുന്നു.
കരാര്‍ നിലവില്‍ വന്നതോടെ യൂറോപ്യന്‍ യൂണിയന് നിര്‍മ്മിത കാറുകളുടെ ഇറക്കുമതി തീരുവ നൂറ്റിപ്പത്തില് നിന്ന് ഘട്ടം ഘട്ടമായി പത്ത് ശതമാനം ആയി കുറയും. ഇതോടെ ആഡംബര കാറുകള്‍ക്കടക്കം ഇന്ത്യന്‍ വിപണിയില്‍ വലിയ വിലക്കുറവിലാകും ലഭ്യമാകുക. തീരുവയിലെ കുറവ് കമ്പനികള്‍ക്ക് ഗുണം ചെയ്യുമെങ്കിലും ഇന്ത്യന്‍ വിപണിയില്‍ പിടിച്ചു നില്ക്കുക അത്ര എളുപ്പമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
തീരുവ കുറയുന്നത് പ്രീമിയം വിഭാഗം കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഗുണകരമാണെങ്കിലും രാജ്യത്തെ ഇടത്തരക്കാരുടെ വിപണി പിടിച്ചെടുക്കാന്‍ പ്രയാസമാകും. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ആധിപത്യത്തില്‍ തുടരുന്നത് മാരുതി സുസൂക്കിയാണെങ്കിലും അടുത്തിടെ ടാറ്റയും ഹ്യൂണ്ടായ്യും വിപണിയില്‍ മുന്നേറി വരുന്നുണ്ട്. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ കാറുകള്‍ എന്നതും ഇത്തരം കമ്പനികളെ ജനപ്രിയമാക്കുന്നുണ്ട്..
ഇന്ത്യയിലെ ഇലക്ട്രോണിക് വാഹന വിപണിയിലും യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ടാറ്റാ മോട്ടേഴ്സിനാണ് നിലവില്‍ ഇവി വിപണിയില്‍ ആധിപത്യം. ഇതിനു പുറമേ ചൈനീസ് കമ്പനിയായ ബിവൈഡി തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നു. കുറഞ്ഞ വിലയില്‍ അത്യാധുനിക ഫീച്ചറുകള്‍ നല്കുന്ന ചൈനീസ്-ഇന്ത്യന്‍ മോഡലുകളോട് മത്സരിക്കാന്‍ ഉയര്‍ന്ന നിര്‍മ്മാണ ചെലവുള്ള യുറോപ്യന്‍ കാറുകള്‍ക്ക് എത്രത്തോളം സാധിക്കുമെന്ന് കണ്ടറിയണം.
ഇന്ത്യന്‍ വിപണിയില്‍ പിടിച്ചു നില്ക്കാന് വിദേശ കമ്പനികള്‍ക്ക് പ്രയാസമാണെന്ന് ഫോര്‍ഡ്, ജനറല്‍ മോട്ടേഴ്സ് തുടങ്ങിയ കമ്പനികളുടെ പിന്മാറ്റം തെളിയിച്ചതാണ്. വ്യാപാര കരാറിലൂടെ നികുതി ഇളവുകള്‍ ലഭിച്ചതുകൊണ്ട് മാത്രം യൂറോപ്യന്‍ കാറുകള്‍ക്ക് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനായേക്കില്ല. ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കും ബജറ്റിനും അനുസരിച്ച് മാറ്റം വരുത്തിയാല്‍ ഈ ആഗോള ഭീമന്മാര്ക്കും ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ സാധിക്കും.



