ട്രെയിനുകളിലെ ജനറൽ കോച്ചുകളിലുൾപ്പെടെ കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്തുമെന്ന് റെയിൽവേ മന്ത്രാലയം. ഒന്നര മണിക്കൂർ ഇടവേളയിൽ കോച്ചുകളും ശുചിമുറിയും വൃത്തിയാക്കും. ആദ്യ ഘട്ടത്തിൽ വിവിധ സോണുകളിൽ നിന്ന് തെരഞ്ഞെടുത്ത 80 ദീർഘദൂര ട്രെയിനുകളിലാണ് പദ്ധതി നടപ്പാക്കുകയെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ മുഴുവൻ ട്രയിനുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്നും, എഐ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓരോ ട്രെയിനിലും ഇതിനായി പ്രത്യേക ശുചീകരണ തൊഴിലാളികളെ നിയോഗിക്കും. ഇവർക്ക് അതത് ഇടവേളകളിൽ വൃത്തിയാക്കാനാവശ്യമായ ഹൈ പ്രഷർ ജെറ്റ് മെഷീനുകളും മറ്റ് ആധുനിക ഉപകരണങ്ങളും നൽകും. ഇതിനു പുറമെ ട്രെയിനുകളിലെ ബെഡ്ഷീറ്റ്, പുതപ്പ് എന്നിവയുടെ വിതരണവും ശുചീകരണവും ഇനി മുതൽ ഒരു സിംഗിൾ ഏജൻസിക്ക് കീഴിലാക്കും. ഇത് സേവനങ്ങളുടെ ഉത്തരവാദിത്തവും കാര്യക്ഷമതയും വർധിപ്പിക്കാൻ സഹായിക്കും.
ശുചീകരണത്തിനായി റെയിൽവേ കൂടുതൽ തുക ചിലവഴിക്കുമെങ്കിലും യാത്രക്കാരിൽ നിന്ന് ഇതിനായി പ്രത്യേക നിരക്ക് ഈടാക്കില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ടോയ്ലറ്റുകൾക്ക് പുറമെ വാഷ് ബേസിനുകൾ, ഗാർബേജ് ബിന്നുകൾ, കോച്ചിന്റെ ഉൾഭാഗം എന്നിവയും ഈ സമയക്രമം പാലിച്ച് വൃത്തിയാക്കും. ലൈറ്റുകൾ പോലുള്ള ചെറിയ സാങ്കേതിക തകരാറുകൾ യാത്രയ്‌ക്കിടയിൽ തന്നെ പരിഹരിക്കാനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി നടത്തും.



