ടിക്കറ്റെടുക്കാതെ ട്രെയിൻ കയറുന്ന വിരുതന്മാരേറെയാണ്. അതുപോലെ തന്നെ അടിയന്തര സാഹചര്യങ്ങളിൽ കയറേണ്ടി വരുന്നവരുമുണ്ട്. അത്തരക്കാർക്ക് ടെൻഷൻ ഏറെയായിരിക്കും. അത്രയും ടെൻഷൻ അടിക്കേണ്ടകാര്യമില്ല. റെയിൽവെ നിയമപ്രകാരം ടിക്കറ്റെടുക്കാത്തതിന് നടപടികൾ ഉണ്ടാകുമെങ്കിലും യാത്രക്കാരന് ഭയപ്പെടേണ്ട സാഹചര്യം ഇല്ല.
ട്രെയിൻ കിട്ടാനുള്ള തിരക്ക്, ഓൺലൈൻ ബുക്കിങിൽ വന്ന പ്രശ്‌നങ്ങൾ, അവസാന നിമിഷത്തെ അപ്രതീക്ഷിത മാറ്റങ്ങൾ എന്നിവയെല്ലാം ചിലപ്പോൾ ആളുകളെ ടിക്കറ്റില്ലാതെ തന്നെ ട്രെയിനിൽ കയറാൻ നിർബന്ധിതരാക്കും. അതോടൊപ്പം തന്നെ ആശങ്കയും ഉയരും. ചെക്കിംഗിനായി ടിടിഇ കൂടി എത്തുന്നതോടെ ടെൻഷൻ ഏറെയാകും.
അത്തരം ടെൻഷൻ ആവശ്യമില്ല. നിങ്ങളുടെ പക്കൽ ടിക്കറ്റ് ഇല്ല, അല്ലെങ്കിൽ ടിക്കറ്റിൽ തെറ്റുകൾ ഉണ്ട് എന്നാണെങ്കിൽ, ഒരു ക്രിമിനൽ കുറ്റകൃത്യം ചെയ്തയാൾ എന്നതുപോലെ പെരുമാറാൻ ടിടിഇക്ക് സാധിക്കില്ല. റെയിൽവേ നിയമം അനുസരിച്ച്, ഇത്തരം സാഹചര്യങ്ങളിൽ യാത്രാക്കൂലിയും ഒരു പിഴയും ഈടാക്കി സാധുതയുള്ള ഒരു ടിക്കറ്റ് നൽകും. പിഴയീടാക്കിയതിന് റെസീപ്റ്റും നൽകും.
ജനറൽ ടിക്കറ്റ് എടുത്ത് മറ്റ് കോച്ചുകളിൽ കയറിയാൽ സീറ്റ് ലഭ്യമാണെങ്കിൽ ചാർജ് ഈടാക്കി അപ്‌ഗ്രേഡ് ചെയ്ത് നൽകും അല്ലെങ്കിൽ ജനറൽ കോച്ചിലേക്ക് മാറാൻ പറയും. മറ്റ് സാധ്യതകൾ ഇല്ലാതെ വന്നാൽ മാത്രം അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ പറഞ്ഞേക്കാം. അല്ലാതെ നിങ്ങളോട് മോശമായി പെരുമാറാൻ പാടുള്ളതല്ല. ടിടിഇക്ക് കൈക്കൂലി വാങ്ങാനാ ഭീഷണിപ്പെടുത്താനോ കഴിയില്ല. മറ്റ് പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ മാത്രമാണ് ഇറക്കിവിടൽ നടപടികൾ സ്വീകരിക്കുക.
നിങ്ങളോട് മോശമായി പെരുമാറാനുള്ള അധികാരം ടിടിക്കില്ല. അത്തരം അനുഭവങ്ങൾ ഉണ്ടായാൽ യാത്രക്കാർക്ക് പരാതിപ്പെടാം. റെയിൽവേ ഹെൽപ്പ്‌ലൈനായ 139-ൽ വിളിച്ചോ ടെക്സ്റ്റ് മെസേജ് അയച്ചോ പരാതി രജിസ്റ്റർ ചെയ്യാം. റെയിൽ മദദ് ആപ്പിലും നിങ്ങൾക്ക് ടിടിഇയ്ക്ക് എതിരെ പരാതി നൽകാം. ട്രെയിൻ നമ്പർ, കോച്ച് നമ്പർ, സംഭവത്തിന്റെ വിശദാംശം എന്നിവ ഉൾപ്പെടെ നൽകിവേണം പരാതി രജിസ്റ്റർ ചെയ്യാൻ.
ടിടിഇയ്ക്ക് നിങ്ങളിൽ നിന്നും കൈക്കൂലി വാങ്ങാനാ ഭീഷണിപ്പെടുത്താനോ ഉള്ള അവകാശമില്ല എന്നോർക്കുക. സുരക്ഷിതവും തടസമില്ലാത്തതുമായ യാത്രയ്ക്ക് റെയിൽവെ നിയമങ്ങൾ അറിഞ്ഞിരിക്കുക. ക്രിമിനൽ സ്വഭാവമുള്ള കുറ്റമല്ല എങ്കിലും യാത്ര ചെയ്യാൻ ടിക്കറ്റ് നിർബന്ധമാണ്. അതുകൊണ്ട് പരമാവധി ടിക്കറ്റ് എടുത്ത് മാത്രം യാത്ര ചെയ്യുക.



