നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷിനെ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ ദിവസം ഡിസിസിയില്‍ എഐസിസി സെക്രട്ടറി പി വി മോഹന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍ അഭിപ്രായം ഉന്നയിച്ചത്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചില്ലെങ്കില്‍ വിജയ സാധ്യയതയില്ലെന്നും നേതാക്കള്‍ വിലയിരുത്തുന്നു.
മലമ്പുഴ മണ്ഡലത്തിലെ ഭൂരിഭാഗം ബ്ലോക്ക് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും നിയോജന മണ്ഡലം ഭാരവാഹികളും സുരേഷ് മത്സരിക്കേണ്ട എന്ന അഭിപ്രായമുള്ളവരാണ്. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ കൈപ്പത്തി ചിഹ്നം ലഭിക്കില്ല. ഓരോ മണ്ഡലത്തിലും ജയസാധ്യത മാത്രമാണ് മാനദണ്ഡമെന്നിരിക്കേ ഈ നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നം വിട്ടൊരു റിസ്‌ക് എടുക്കേണ്ടതില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. എ സുരേഷ് മത്സരിച്ചാല്‍ ചിലപ്പോള്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അവസ്ഥ പോലുമുണ്ടായേക്കാമെന്നാണ് ചില നേതാക്കളുടെ വിലയിരുത്തല്‍.
മലമ്പുഴ പോലെ ശക്തമായ ഒരു മണ്ഡലത്തില്‍ കരുത്തനായ കോണ്‍ഗ്രസ് നേതാവ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. സിപിഐഎമ്മുമായുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷുമായി ചര്‍ച്ച നടത്തുകയും സുരേഷ് വി ഡി സതീശന്റെ പുതുയുഗ യാത്രയില്‍ അടക്കം പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷിനെ മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുന്നത് പരിഗണനയിലെന്ന വാര്‍ത്ത വന്നത്. തനിക്ക് അത്തരം പാര്‍ലമെന്ററി മോഹങ്ങളില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമാണ് സുരേഷ് പ്രതികരിച്ചിരുന്നത്.



