ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സമയം പാഴാക്കല്‍ തന്ത്രത്തിനെതിരെ ഇന്ത്യൻ താരങ്ങൾ രംഗത്തെത്തിയതിന്‍റെ ചൂടാറും മുമ്പ് മറുപടിയുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. മൂന്നാം ദിനം അവസാന മിനിറ്റുകളില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ സാക് ക്രോളി ജസ്പ്രീത് ബുമ്രയുടെ പന്ത് കൈയില്‍ കൊണ്ടതോടെ വേദന മാറ്റാന്‍ ഫിസിയോയുടെ സഹായം തേടിയിരുന്നു.
സമയം പാഴാക്കാനുള്ള ഇംഗ്ലണ്ട് താരങ്ങളുടെ ശ്രമമാണിതെന്ന് പറഞ്ഞ് ഇതിനെതിരെ രൂക്ഷമായാണ് ഇന്ത്യൻ താരങ്ങള്‍ പ്രതികരിച്ചത്. ഇന്ത്യൻ താരങ്ങള്‍ കൂട്ടത്തോടെ കൈയടിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍മാരെ പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ നാലാം ദിനം അവസാന സെഷനില്‍ ഇന്ത്യയുടെ ഊഴമായിരുന്നു. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടമായി പതറുമ്പോള്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ നൈറ്റ് വാച്ച്മാനായി ആകാശ് ദീപാണ് ക്രീസിലെത്തിയത്.
ബ്രെയ്ഡന്‍ കാര്‍സിന്‍റെ ഓവറില്‍ ആകാശ് ദീപിന്‍റെ തുടയില്‍ തട്ടിയ പന്തില്‍ ഇംഗ്ലണ്ട് എല്‍ബിഡബ്ല്യുവിനായി റിവ്യു എടുത്തെങ്കിലും നോട്ടൗട്ടായി. ഇതിന് പിന്നാലെ ആകാശ് ദീപ് ഫിസിയോയുടെ സഹായം തേടി. ഫിസിയോ എത്തി പരിശോധിച്ച് വേദന കുറയാനുള്ള സ്പ്രേ അടിച്ചശേഷമാണ് ആകാശ് ദീപ് ബാറ്റിംഗ് തുടര്‍ന്നത്. ഈ സമയമത്രയും ഇംഗ്ലണ്ട് താരങ്ങൾ സമയം നഷ്ടമാകുന്നതിലെ നിരാശപ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ബ്രെയ്ഡന്‍ കാര്‍സ് എറിഞ്ഞ പതിനേഴാം ഓവറിലെ അഞ്ചാം പന്ത് ആകാശ് ദീപ് ഫലപ്രദമായി പ്രതിരോധിച്ചു.