വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ശ്രീചിത്രാഹോമിൽ മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഇടപെട്ട് പൊലീസ്. കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയോട് വഞ്ചിയൂർ പൊലീസ് റിപ്പോർട്ട് തേടി. റിപ്പോർട്ട് കിട്ടിയ ശേഷം കേസെടുക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവം നടന്നത് ശ്രീചിത്രാ ഹോം സൂപ്രണ്ട് പൊലീസിനെ അറിയിച്ചിരുന്നില്ല. ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നിൽ പിന്നിൽ റാഗിങ്ങെന്ന് കുട്ടികൾ ആരോപിക്കുമ്പോൾ, വീട്ടിൽ പോകാൻ കഴിയാത്തതിലുള്ള മനോവിഷമം എന്നാണ് സൂപ്രണ്ടിൻ്റെ പ്രതികരണം. കുട്ടികൾക്ക് കൗൺസിലിങ് നൽകിയ ആളിൽ നിന്നും പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് 12,15,16 വയസുള്ള പെൺകുട്ടികൾ അമിത അളവിൽ ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കുട്ടികൾക്ക് പലതരം ട്രോമകൾ ഉണ്ടായിരുന്നുവെന്നും മൂവർക്കും കൗൺസിലിങ് കൊടുത്തിരുന്നുവെന്നും സൂപ്രണ്ട് ബിന്ദു പറഞ്ഞു. വീട്ടിൽ പോകണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷനുമായി ബന്ധപ്പെട്ടു. വീട്ടിൽ വിടാൻ സാഹചര്യം ഇല്ലാത്ത കുട്ടികളെന്ന് ബാലാവകാശ കമ്മീഷൻ മറുപടി നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.
ഇവിടെ റാഗിങ് ഇല്ല. വീട്ടിൽ കുട്ടികൾ തമ്മിലുണ്ടാകുന്ന തരം സംഭവങ്ങളെ ഉള്ളു. താനും അമ്മയാണ്. വിഷയത്തെ നിസാരവൽക്കരിച്ചിട്ടില്ല. ഗൗരവം മനസിലാക്കിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. രണ്ട് പാരസെറ്റമോൾ ഗുളികകളും വിറ്റാമിൻ ഗുളികകളുമാണ് കഴിച്ചതെന്നും ബിന്ദു പറഞ്ഞു. ഗുളിക കഴിക്കുമ്പോൾ വീട്ടിൽ കൊണ്ടുപോകും എന്ന് കരുതിയാണ് കുട്ടികൾ ചെയ്തതെന്ന് എന്നാണ് സൂപ്രണ്ട് നൽകുന്ന വിശദീകരണം.
ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. സുനന്ദ ശ്രീചിത്രാ ഹോമിൽ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. കുട്ടികളെ ഇന്ന് ആശുപത്രിയിൽ എത്തി കാണുമെന്നും അഡ്വ. സുനന്ദ പ്രതികരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)