വിഎസിന് എതിരെ 11 തവണയാണ് പാർട്ടി നടപടി ഉണ്ടായത്. അപ്പോഴൊക്കെ ആ തിരുത്തുകളെല്ലാം അംഗീകരിച്ച് അടുത്ത വിഷയം ഉയർത്തി സജീവമാകും ആ കമ്മ്യൂണിസ്റ്റ്. രാഷ്ട്രീയത്തിൽ സക്രിയമായ കാലം മുഴുവൻ പാർട്ടിയിൽ തിരുത്തൽവാദിയായിരുന്നു വി.എസ്. അച്യുതാനന്ദന്‍. എന്നാൽ ഇത്രയേറെ നടപടികളുണ്ടായെങ്കിലും വിഎസിനെ തള്ളാൻ പാർട്ടിയോ പാർട്ടിയെ തള്ളാൻ വിഎസിനോ കഴിയുമായിരുന്നില്ല.
വിഎസിനെതിരായ ആദ്യ താക്കീത് 1965ലാണ് ഉണ്ടായത്. അന്ന് ചൈനീസ് ചാരന്മാർ എന്നു മുദ്രകുത്തി സിപിഐഎം നേതാക്കളെയെല്ലാം ജയിലിലിട്ട കാലം. വിഎസ് തിരുവനന്തപുരം ജയിലിലായിരുന്നു. അന്നു പാകിസ്ഥാനുമായുള്ള യുദ്ധം മുറുകിയപ്പോൾ സൈനികർക്കായി വിഎസ് രക്തം നൽകി.
ഈ വാർത്ത ദേശാഭിമാനിയിൽ വന്നതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായിരുന്ന എം.വി. രാഘവനും ഇ.കെ. നായനാരും ഇടഞ്ഞു. ജയിൽ കമ്മിറ്റി കൂടി വിഎസിന്‍റെ നിലപാട് തള്ളി എന്നാണ് ആത്മകഥയിൽ എം.വി.ആർ എഴുതുന്നത്. അതു വിയോജിപ്പിന്‍റെ തുടക്കം മാത്രമായിരുന്നു.
- 1988ൽ പാർട്ടി നിലപാടിനു വിരുദ്ധമായി അതിരപ്പിള്ളി പദ്ധതിയെ എതിർത്തതിന് പരസ്യ താക്കീത്.
- 1998ൽ വിഭാഗീയതയെ പിന്തുണച്ചതിന് പരസ്യ താക്കീത്.
- 2007ൽ പിണറായി വിജയനൊപ്പം പിബിയിൽ നിന്ന് സസ്പെൻഷൻ.
- 2009ൽ അച്ചടക്കം ലംഘിച്ചതിന് പിബിയിൽ നിന്ന് പുറത്ത്.
- 2011ൽ ലോട്ടറി കേസിൽ പരസ്യ താക്കീത്.
- 2012ൽ ടി.പി. ചന്ദ്രശേഖരൻ വധത്തെ തുടർന്നു ഒഞ്ചിയത്തെ വസതി സന്ദർശിച്ചതിന് പരസ്യ ശാസന. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം ഇത് പാർട്ടിയെ പ്രതിരോധത്തിലാക്കി എന്നായിരുന്നു കണ്ടെത്തൽ.
- 2012ൽ കൂടംകുളം നിലപാടിന് പരസ്യ ശാസന.
- 2013ൽ അച്ചടക്ക ലംഘനത്തിന് പരസ്യ ശാസനയും വിലക്കും.
- 2017ൽ അച്ചടക്ക ലംഘനത്തിന് കേന്ദ്ര കമ്മിറ്റിയുടെ പരസ്യ താക്കീത്.
രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലം മുഴുവൻ പാർട്ടിയിൽ തിരുത്തൽ പക്ഷത്തായിരുന്നു വിഎസ്. ഇത്രയേറെ നടപടികളുണ്ടായെങ്കിലും വിഎസിനെ തള്ളാൻ പാർട്ടിയോ പാർട്ടിയെ തള്ളാൻ വിഎസിനോ കഴിയുമായിരുന്നില്ല. അത്ര രൂഢമൂലമായിരുന്നു ആ ബന്ധം.