കഴിഞ്ഞ ഒരാഴ്ചയായി ഒരു ബിൽ മാത്രം പാസാക്കി പാർലമെന്റ് സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിന് തിങ്കളാഴ്ചയോടെ മാറ്റം വരുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു . രാഷ്ട്രീയ പ്രാധാന്യമുള്ള ഓപ്പറേഷൻ സിന്ദൂർ പഹൽഗാം വിഷയങ്ങൾ ലോക്സഭയിൽ തിങ്കളാഴ്ച ചർച്ച ചെയ്യുമെന്നും ,സഭാസമ്മേളനം തടസ്സപ്പെടുത്താതെ സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ പ്രതിഷേധം കാരണം പാർലമെന്റിൽ കഴിഞ്ഞ ദിവസങ്ങളിൽ യാതൊരു നടപടികളും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്ന് കിരൺ റിജിജു ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗം വിളിച്ചുചേർക്കുകയായിരുന്നു. ഈ യോഗത്തിൽ പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങൾ ചർച്ച ചെയ്യാൻ ധാരണയായെന്നും തിങ്കളാഴ്ച ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ സഭാ നടപടികൾ സാധാരണ രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.