ചിക്കാഗോ: സാങ്കേതിക തകരാറിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻസിന്റെ നിരവധി വിമാന സർവീസുകൾ വൈകി. ബുധനാഴ്ച വൈകുന്നേരം ഷിക്കാഗോ ആസ്ഥാനമായുള്ള വിമാനക്കമ്പനി ഒരു പ്രത്യേക സാങ്കേതിക പ്രശ്നം കാരണം വിമാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ പുനരാരംഭിക്കാൻ ശ്രമിക്കുകയാണ്.
വിമാനങ്ങളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സംവിധാനത്തിലെ തകരാറാണ് കാലതാമസത്തിന് കാരണമായത്. രാത്രി 9 മണിയോടെ പ്രശ്നം പരിഹരിച്ചതായി അധികൃതർ അറിയിച്ചു. എങ്കിലും, സാധാരണ നിലയിൽ സർവീസുകൾ പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും യാത്രക്കാർക്ക് കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) റിപ്പോർട്ട് പ്രകാരം, ഡെൻവർ, നെവാർക്ക്, ഹ്യൂസ്റ്റൺ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾക്കാണ് പ്രധാനമായും കാലതാമസം നേരിട്ടത്. ഈ തകരാർ സൈബർ സുരക്ഷാ പ്രശ്നമല്ലെന്നും, വിമാനങ്ങൾ ശരാശരി രണ്ട് മണിക്കൂറോളം വൈകിയെന്നും FAA അറിയിച്ചു.
പി പി ചെറിയാൻ