രജനികാന്തിനൊപ്പം തെന്നിന്ത്യയിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങൾ ഒരുമിച്ച കൂലിക്ക് തീയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം. ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചിലെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ലോകേഷ് ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന ബോക്‌സോഫീസ് പ്രവചനങ്ങള്‍ നേരത്തേ തന്നെ വന്നിരുന്നു. തമിഴിലെ ആദ്യ 1000 കോടി കളക്ഷന്‍ കൂലി നേടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് കൂലിയില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുന, മലയാളത്തില്‍ നിന്നും സൗബിന്‍ ഷാഹിറും ഒപ്പം സത്യരാജ്, ഉപേന്ദ്ര, ശ്രുതി ഹാസന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. കൂടാതെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്റെ കാമിയോയും ആരാധകർക്ക് ഗംഭീര ട്രീറ്റാണ്.
ലോകേഷ് കനകരാജിന്റെ ആറാമത്തെ ചിത്രത്തിന് വന്‍ ഹൈപ്പാണ് റിലീസിന് മുമ്പ് തന്നെ ലഭിച്ചിരിക്കുന്നത്. അഡ്വാന്‍സ് കളക്ഷനിലൂടെ ഇതിനകം 110 കോടി രൂപയാണ് കൂലി നേടിയത്. ആദ്യ ദിവസം മാത്രം ആഗോള തലത്തില്‍ 80 കോടിയുടെ അഡ്വാന്‍സ് ബുക്കിങ്ങാണ് ലഭിച്ചിരുന്നു. വിജയ് നായകനായ ലോകേഷ് ചിത്രം ലിയോയുടെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് 124 കോടി രൂപ മറികടന്നോ എന്നാണ് ഇനി അറിയേണ്ടത്.
റിലീസ് ചെയ്ത് ആദ്യവാരം തന്നെ കൂലി 150 കോടിയെങ്കിലും അനായാസമായി നേടുമെന്നാണ് ഇന്‍ഡസ്ട്രി ട്രാക്കര്‍ രമേശ് ബാലയുടെ പ്രവചനം. രജനീകാന്ത്, ലോകേഷ് കനകരാജ്, ആമിര്‍ ഖാന്‍ ഫാക്ടര്‍ ഹിന്ദിയിലും കൂലിക്ക് ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. സിനിമാ ലോകത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന രജനീകാന്തിന്റെ മാസ് എന്‍ട്രിക്കായി പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് തന്നെയായിരുന്നു. ഒപ്പം അനിരുദ്ധിന്റെ സംഗീത മാജിക്കും വലിയ മുന്നേറ്റം നല്‍കിയിട്ടുണ്ട്.
തെലുങ്കില്‍ ബാഹുബലി, കന്നഡയില്‍ കെജിഎഫ് എന്നിവയുണ്ടാക്കിയ ഓളം തമിഴില്‍ രജനികാന്തിന് ഉണ്ടാക്കാനാകുമോ എന്ന് മാത്രം കാത്തിരുന്ന് കാണാം. പ്രീ റിലീസ് ഹൈപ്പും പ്രതീക്ഷയും നിലനിര്‍ത്താനായാല്‍ തമിഴിലെ ആദ്യ ആയിരം കോടി എന്ന റെക്കോര്‍ഡ് കൂലി സ്വന്തമാക്കുമെന്നാണ് ഇന്‍ഡസ്ട്രി വിദഗ്ധരുടെ പ്രവചനം.