താര സംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ യോഗം നാളെ. ചേരിതിരിവ് അവസാനിപ്പിക്കുക ആദ്യ അജണ്ട. ഓരോ അംഗങ്ങളുമായി അമ്മ പ്രസിഡന്റ് ശ്വേത മേനോൻ സംസാരിക്കും. മെമ്മറി കാർഡ് വിവാദവും പടലപിണക്കങ്ങളും യോഗത്തിൽ ചർച്ചയാകും. പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടിവ് യോഗം നാളെ 11 മണിക്ക് അമ്മ ഓഫീസിൽ വച്ചാണ് നടക്കുക.
അമ്മയില്‍ ചരിത്രം കുറിച്ചുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ദേവനും ശ്വേത മേനോനുമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ട്രഷറര്‍ ആയി ഉണ്ണി ശിവപാല്‍ ജയിച്ചു. ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
അമ്മയുടെ ആദ്യ യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും. സംഘടനക്കുള്ളില്‍ തന്നെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും പരാതികള്‍ക്കുമാകും പ്രഥമ പരിഗണന. എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ശ്വേതാ മേനോന്‍ പ്രതികരിച്ചു.
അമ്മയിൽ 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. അംഗങ്ങളില്‍ 233 പേര്‍ വനിതകളാണ്.ആകെ 298 വോട്ടുകള്‍ രേഖപ്പെടുത്തിയത്.പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്ന്നടൻ മമ്മൂട്ടി ഫേയ്സ്ബുക്കില്‍ കുറിച്ചു.