ഏറ്റവും അടുത്ത രാഷ്ട്രീയ സഹായിയായ സെർജിയോ ഗോറിനെ ഇന്ത്യൻ അംബാസഡറായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വഷളാകുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാൽ ഉടൻ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. ട്രംപിൻ്റെ ഏറ്റവും വിശ്വസ്തനും വലംകൈയ്യുമാണ് സെർജിയോ ഗോർ.
ഇന്ത്യയിലെ അംബാസഡറായും ദക്ഷിണ, മധ്യേഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള പ്രത്യേക ദൂതനായുമാണ് സെർജിയോ ഗോറിൻ്റെ നിയമനം. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ, വിശ്വസ്തനെ ഇന്ത്യയിലേക്ക് അയക്കാനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം.
“ഇന്ത്യയുടെ അടുത്ത യുഎസ് അംബാസഡറായും ദക്ഷിണ, മധ്യേഷ്യൻ രാജ്യങ്ങളുടെ പ്രത്യേക ദൂതനായും സെർജിയോ ഗോറിന് സ്ഥാനക്കയറ്റം നൽകുന്നതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പ്രസിഡൻഷ്യൽ പേഴ്‌സണൽ ഡയറക്ടർ എന്ന നിലയിൽ, സെർജിയോയും സംഘവും നമ്മുടെ ഫെഡറൽ ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളിലുമായി ഏകദേശം 4,000 അമേരിക്ക ഫസ്റ്റ് ദേശസ്നേഹികളെ റെക്കോർഡ് നിയമിച്ചിട്ടുണ്ട്. ഇന്ത്യൻ അംബാസഡറായുള്ള നിയമനം സ്ഥിരീകരിക്കുന്നത് വരെ സെർജിയോ വൈറ്റ് ഹൗസിലെ നിലവിലുള്ള റോളിൽ തുടരും,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
തന്‍റെ അജണ്ട നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന കരങ്ങളെന്നാണ് പ്രഖ്യാപനത്തിൽ ട്രംപ് സെർജിയോ ഗോറിനെക്കുറിച്ച് പറഞ്ഞത്. “ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തേക്ക്, എന്റെ അജണ്ട നടപ്പിലാക്കാനും യുഎസിനെ വീണ്ടും മഹത്തരമാക്കാൻ സഹായിക്കാനും എനിക്ക് പൂർണമായും വിശ്വസിക്കാൻ കഴിയുന്ന കരങ്ങൾ ഉണ്ടായിരിക്കണം, സെർജിയോ ഗോർ ഒരു മികച്ച അംബാസഡറായിരിക്കും”
പരമ്പരാഗത നയതന്ത്രജ്ഞരെ മാറ്റിനിർത്തി, വ്യക്തിപരമായി ബന്ധമുള്ളവരെ സ്ഥാനങ്ങളിലേക്ക് നിയമിക്കുകയായിരുന്നു ട്രംപ്. റിപ്പബ്ലിക് പാർട്ടിയുടെ യാഥാസ്ഥിതിക രാഷ്ട്രീയത്തിൽ വളരെ വേഗത്തിൽ ഉയർന്നുവരാൻ 38 കാരനായ ഗോറിന് കഴിഞ്ഞിട്ടുണ്ട്. ട്രംപിന്‍റെ പേഴ്‌സണൽ ഓഫീസിന്‍റെ ചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥന്, മന്ത്രിസഭാ നിയമനങ്ങളടക്കമുള്ള നിർണായക ചുമതലകളാണ് ഉണ്ടായിരുന്നത്.