ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം. ജനാധിപത്യ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനുമായാണ് ഐക്യരാഷ്ട്രസഭ സെപ്റ്റംബർ 15ന് അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 2007 സെപ്റ്റംബർ 15നാണ് ആദ്യമായി അന്താരാഷ്ട്ര ജനാധിപത്യ ദിനം ആചരിച്ചത്. ആ ദിനത്തിൽ ലോകമെമ്പാടും ജനാധിപത്യ അവബോധ ക്ലാസുകളും നടത്തുന്നുണ്ട്.
മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്നതും അവരുടെ അവകാശങ്ങൾ സ്ഥാപിച്ചുനൽകുന്നതും സാമൂഹികനീതി പുലരുന്നതുമായ സമ്പ്രദായത്തെ പൊതുവായി ജനാധിപത്യം എന്നുപറയാം. ജനം എന്നർഥംവരുന്ന ‘ഡെമോസ്’ എന്ന വാക്കും ശക്തി അധികാരം എന്നീ അർഥങ്ങൾവരുന്ന ഗ്രീക്ക് വാക്കായ ‘ക്രാറ്റിയ’ എന്ന വാക്കും ചേർന്നാണ് ‘ഡെമോക്രാറ്റിയ’ എന്ന വാക്കുണ്ടായത്. ഈ ഗ്രീക്ക് വാക്കിനർഥം ജനാധിപത്യമെന്നാണ്. ഇതിൽ നിന്നാണ് ഇംഗ്ളീഷിലെ ഡെമോക്രസിയുടെ പിറവി. ബി.സി. അഞ്ചാംനൂറ്റാണ്ടിൽ ഹെറോഡോട്ടസാണ് ഡെമോക്രാറ്റിയ എന്ന പദം ആദ്യമുപയോഗിച്ചത്.
പുരാതന ഗ്രീസിലാണ് ജനാധിപത്യം പിറവികൊള്ളുന്നത് . 422 ബി.സി. മുതൽ 322 ബി.സി. വരെയുള്ള കാലഘട്ടത്തിൽ ഇവിടെയുണ്ടായിരുന്ന ജനാധിപത്യ സ്വഭാവത്തിലുള്ള നഗരരാഷ്ട്ര സംവിധാനം സാമൂഹിക ചരിത്രകാരന്മാരെയും രാഷ്ട്രമീമാംസകരെയും ആകർഷിച്ചു. നഗരരാഷ്ട്രഭരണത്തിൽ ഇവിടെ സ്ത്രീകൾക്കും അടിമകൾക്കും സ്ഥാനമുണ്ടായിരുന്നില്ല. ഒരു പ്രത്യേകസ്ഥലത്ത് ഒന്നിച്ചിരുന്ന് തീരുമാനമെടുക്കുന്ന രീതിയായിരുന്നു. പൗരന്മാർ നേരിട്ടിടപെടുന്ന ഈ സമ്പ്രദായത്തെ പ്രത്യക്ഷജനാധിപത്യം എന്നുപറയുന്നു. ഭൂരിപക്ഷാഭിപ്രായത്തിലായിരുന്നു സഭയിൽ ഭരണകർത്താക്കളെ തിരഞ്ഞെടുത്തിരുന്നത്. ഗ്രീസിലെ ഈ രീതിക്ക് കാലാന്തരത്തിൽ മാറ്റങ്ങൾ പലതും സംഭവിച്ചെങ്കിലും ജനാധിപത്യം പിറവികൊണ്ട ഇടമായി ഗ്രീസിനെ വിശേഷിപ്പിക്കുന്നു.
അതേസമയം, ബ്രിട്ടനെയാണ് ‘ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ’ എന്നു വിശേഷിപ്പിക്കുന്നത്. പാർലമെന്ററി സമ്പ്രദായം പിറവിയെടുത്തത് ഇംഗ്ലണ്ടിലാണ്. രാജഭരണത്തെ നിയന്ത്രിക്കാനുള്ള ജനകീയസമിതികളാണ് പാർലമെന്ററി സമ്പ്രദായത്തിന് ഇവിടെ അടിത്തറ പാകിയത്. ഇത്തരത്തിലുള്ള പാർലമെന്ററി ജനാധിപത്യം ഭരണത്തിലും നിർണായകസ്വാധീനം ചെലുത്തി. രാജ്യത്തെ ജനങ്ങൾ വോട്ടുചെയ്ത് തിരഞ്ഞെടുക്കുന്ന പാർലമെന്റ്, ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകമായി മാറി. 17-ാംനൂറ്റാണ്ടിൽ ബ്രിട്ടനിൽ തുടക്കംകുറിച്ച പാർലമെന്ററി സമ്പ്രദായത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയവരിൽ പ്രമുഖരാണ് ജോൺലോക്ക്, റൂസ്സോ, ജയിംസ് മാഡിസൺ എന്നിവർ.
ഏതൊരു സമ്പ്രദായത്തിനും പോരായ്മകളും വെല്ലുവിളികളുമുണ്ടാവും. വ്യക്തികളുടെ കഴിവിനെക്കാൾ അംഗസംഖ്യക്ക് പ്രാമുഖ്യം ലഭിക്കുന്നു, കഴിവുള്ളവർ തിരഞ്ഞെടുപ്പുരംഗത്തുനിന്ന് മാറിനിൽക്കുന്നു, രാഷ്ട്രീയ അസ്ഥിരത, കേവലഭൂരിപക്ഷത്തിന്റെ അനിയന്ത്രിത ആധിപത്യം, വോട്ടെടുപ്പിനോട് പൗരനുള്ള വിപ്രതിപത്തി എന്നിവ ജനാധിപത്യത്തിന്റെ പോരായ്മകളോ കുറവുകളോ ആയി കണക്കാക്കാം.