തൃശൂർ പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. മരവിപ്പിച്ച ഉത്തരവ് വ്യാഴാഴ്ച വരെയാണ് ഡിവിഷന്‍ ബെഞ്ച് നീട്ടിയത്. പൊതുതാല്‍പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഹൈക്കോടതി. വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി.
ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് ടോൾ പിരിവ് തടഞ്ഞ നടപടിയാണ് ഹൈക്കോടതി നീട്ടിയത്. ഗതാഗത പ്രശ്‌നം ഭാഗികമായി പരിഹരിച്ചുവെന്ന് തൃശൂർ ജില്ലാ കളക്ടർ കോടതിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നൽകിയിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായ 18 ഇടങ്ങള്‍ പരിശോധിച്ചുവെന്നും 13 ഇടങ്ങളിലെ പ്രതിസന്ധി പരിഹരിച്ചുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ബാക്കി ഇടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പൊളിഞ്ഞ റോഡിലൂടെയുള്ള ഗതാഗതത്തിന് ടോളടയ്ക്കാനാകില്ലെന്നും ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് വ്യക്തമാക്കിയിരുന്നു. തുടർന്ന് നാലാഴ്ചത്തേക്കാണ് ടോള്‍ പിരിക്കുന്നത് കോടതി വിലക്കിയത്. സര്‍വീസ് റോഡിലെ പ്രശ്നം പരിഹരിച്ചു വരുന്നതിനാല്‍ ഉത്തരവ് ഭേദഗതി ചെയ്ത് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ ആവശ്യം. എന്നാൽ അത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല.
പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി അത്തരവിനെതിരെ ദേശീയപാത അതോറിറ്റി നല്‍കിയ അപ്പീല്‍ നേരത്തെ സുപ്രീം കോടതിയും തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്നും പൗരന്മാരുടെ ദുരവസ്ഥയിലാണ് ആശങ്കയെന്നുമാണ് കോടതി വ്യക്തമാക്കിയത്.