വിദേശത്ത് ജോലി ആഗ്രഹിച്ചു ചതിക്കുഴിയില്‍ പെടുന്നവരുടെ എണ്ണം കൂടി വരികയാണെന്ന് പ്രവാസി കമ്മീഷന്‍. കമ്പനിയുടെ വിവരങ്ങളോ, രജിസ്‌ട്രേഷനോ അന്വേഷിക്കാതെ ആണ് പലരും തട്ടിപ്പില്‍ പെടുന്നത്. അംഗീകാരമില്ലാത്ത ഏജന്‍സികളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ട് എന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.
വിദേശത്ത് ജോലി നല്‍കാമെന്ന പരസ്യങ്ങളില്‍ വഞ്ചിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. പത്ര പരസ്യത്തിലെ വാഗ്ദാനത്തില്‍ കുടുങ്ങി അപേക്ഷ നല്‍കിയ പെണ്‍കുട്ടിക്കും കുടുംബത്തിനും 350 ദിര്‍ഹമാണ് നഷ്ടമായത് എന്നും പ്രവാസി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി.
കമ്പനിയുടെ വിവരങ്ങളോ, രജിസ്‌ട്രേഷനോ, ഗവണ്‍മെന്റ് അംഗീകരിച്ച രേഖകളോ പരിശോധിക്കാതെ വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ ഒരുങ്ങുന്നവരില്‍ ഭൂരിഭാഗവും വഞ്ചിതരാവുകയാണ്. അംഗീകാരമില്ലാത്ത ഏജന്‍സികളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ട്. ഇന്നലെ നടന്ന പ്രവാസി കമ്മീഷന്‍ അദാലത്തില്‍ 49 കേസുകളാണ് പരിഗണിച്ചത്. അഞ്ച് കേസുകള്‍ പരിഹരിച്ചു. മറ്റു കേസുകള്‍ വിശദമായ അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കുമായി മാറ്റിവെച്ചു. 40 പുതിയ കേസുകളും ഇന്ന് ലഭിച്ചു.
എല്ലാ മാസത്തെയും രണ്ടാമത്തെ ചൊവ്വാഴ്ച്ച വിവിധ ജില്ലകളിലായി പ്രവാസി കമ്മീഷന്‍ അദാലത്ത് നടക്കും. അടുത്ത അദാലത്ത് ഒക്ടോബര്‍ 14 ന് കോട്ടയം ജില്ലയിലാണ് നടക്കുക.