ഛത്തിസ്ഗഢിൽ ഒരു മാസത്തേക്ക് താത്കാലിക വെടിനിർത്തലിന് തയ്യാറെന്ന് മാവോയിസ്റ്റുകൾ. മാവോയിസ്റ്റ് സംഘടനയുടെ പ്രസ്താവന പുറത്ത് വന്നു. മാവോയിസ്റ്റ് വക്താവ് അഭയ് എന്നയാളുടെ പേരിലാണ് സമൂഹമാധ്യമങ്ങളിൽ പ്രസ്താവന പ്രത്യക്ഷപ്പെട്ടത്.
തലയ്ക്ക് ഒരു കോടി ഇനാം വരെ പ്രഖ്യാപിച്ചിരുന്ന കേന്ദ്ര കമ്മിറ്റി അംഗം ബസവരാജ് ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നിലവിൽ താൽക്കാലിക വെടിനിർത്തലിന് തയ്യാറാണെന്ന പ്രസ്താവന സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സംഘടനയുടെ വക്താവ് അഭയുടെ പേരിലാണ് പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. പ്രസ്താവനയുടെ ആധികാരികതയെ സംബന്ധിച്ച് പൊലീസും സുരക്ഷാ സേനയും പരിശോധിച്ച് വരികയാണ്.
നിലവിൽ താൽക്കാലിക വെടിനിർത്തൽ അനുവദിക്കണം. സർക്കാരുമായി ചർച്ചയിലേക്ക് പോകുന്നത് സംബന്ധിച്ച് സിപിഐ മാവോയിസ്റ്റിൻ്റെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മറ്റ് സംസ്ഥാനങ്ങളിലെ ഘടകങ്ങളും സംബന്ധിച്ച് ചർച്ച നടത്താൻ ആലോചിക്കുന്നുണ്ട്, ചർച്ചയ്ക്ക് വേണ്ടി സമയം അനുവദിക്കണം. ചർച്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ അദ്ദേഹം നിയോഗിക്കുന്ന ഒരു പ്രതിനിധിയുമായോ ചർച്ച നടത്താൻ തയ്യാറാണ്. വെടിനിർത്തലിന് സർക്കാർ തയ്യാറാണെങ്കിൽ സമൂഹമാധ്യമങ്ങളും, റേഡിയോ ഉൾപ്പടെയുള്ള മാധ്യമങ്ങളിലൂടെയും പ്രഖ്യാപനം നടത്തണം എന്ന് തുടങ്ങിയ കാര്യങ്ങളാണ് പ്രസ്താവനയിൽ പറയുന്നത്.