ഗാസയില്‍ കരയുദ്ധം വ്യാപിപ്പിച്ച് ഇസ്രയേല്‍ സൈന്യം. ഇന്ന് മാത്രം നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടു. നഗരം പിടിച്ചെടുക്കാന്‍ കരസേന ബോംബാക്രമണം ശക്തമാക്കിയതോടെ ഗാസയില്‍ കൂട്ടപ്പലായനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ പ്രധാന ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ വാദം.
ഗാസ കത്തുകയാണ് ഇസ്രയേല്‍ സേന നടപടികളാരംഭിച്ചു കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേല്‍ പ്രതിരോധമന്ത്രി എക്‌സില്‍ പോസ്റ്റും പങ്കുവച്ചിരുന്നു. ദൗത്യം പൂര്‍ത്തിയാകാതെ പിന്മാറില്ലെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
ഇതുവരെ 78 പേരെങ്കിലും ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസ സിറ്റിയില്‍ മാത്രം 68 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭക്ഷണം കിട്ടാതെ മൂന്ന് പേരും മരിച്ചു.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ഉറ്റവരെ ജീവനോടെയോ അല്ലാതെയോ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് മനുഷ്യര്‍. ശക്തമായ ബോംബാക്രമണമാണ് നടക്കുന്നതെന്നും ഇതിനിടയില്‍ അപകടത്തില്‍പെട്ടവരെ കണ്ടെത്താനാകാത്ത സ്ഥിതിയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. നിരവധി പേരെ രക്ഷിക്കാനായെങ്കിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ഇനിയും നിരവധി പേര്‍ അകപ്പെട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഹെലികോപ്റ്ററുകളും മിസൈലുകളും ഡ്രോണുകളും എഫ്-16 വിമാനങ്ങളും ഷെല്ലാക്രമണവും ഒരുമിച്ചായതിനാല്‍ സ്ഥിതി വളരെ സങ്കീര്‍ണമാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ആക്രമണം രൂക്ഷമായതോടെ എല്ലാം ഉപേക്ഷിച്ച് ജീവനുമായി പാലായനം ചെയ്യുകയാണ് ജനങ്ങള്‍. ഗാസയ്ക്കു മേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം കൂടുതല്‍ മരണത്തിനും കുടിയറക്കലിനും മാത്രമേ കാരണമാകൂവെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് അനൗര്‍ എല്‍ അനൗണി പറഞ്ഞു.
ആക്രമണം ദുരന്തപൂര്‍ണമായ മനുഷ്യരുടെ അവസ്ഥയെ കൂടുതല്‍ വഷളാക്കാനും ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കാനും മാത്രമേ സഹായിക്കൂവെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രയേലിന്റെ ആക്രമണത്തെ അപലപിച്ച് കൂടുതല്‍ ലോക രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സ്വീഡന്‍ വിദേശകാര്യ മന്ത്രി മരിയ മാല്‍മര്‍ സ്റ്റെനര്‍ഗാര്‍ഡ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. മഹാദുരന്തം നേരിടുന്ന മനുഷ്യരുടെ അവസ്ഥ കൂടുതല്‍ ദയനീയമാക്കുകയാണ് ഇസ്രയേലെന്നും ജനങ്ങളെ നിര്‍ബന്ധിത പാലായനത്തിലേക്ക് നയിക്കുകയുമാണെന്ന് മരിയ എക്‌സില്‍ കുറിച്ചു.
ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും ഇസ്രായേലുമായുള്ള വ്യാപാര കരാര്‍ മരവിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ട സ്വീഡിഷ് മന്ത്രി തീവ്ര ഇസ്രായേലി മന്ത്രിമാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.