ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വര്‍ണപ്പാളിയുടെ ഭാരം നാല് കിലോഗ്രാം കുറഞ്ഞതില്‍ അന്വേഷണം മൂന്നാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് ഓഫീസറോട് നിർദേശിച്ച് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിരവധി ചോദ്യങ്ങളും ഹൈക്കോടതി ഉന്നയിച്ചു.
“സ്വര്‍ണാവരണം ചെയ്ത ലോഹത്തിൻ്റെ ഭാരം കുറഞ്ഞത് എങ്ങനെയാണ്? ഇന്ധനം വല്ലതും ആണെങ്കില്‍ ഭാരം കുറയുന്നത് മനസിലാക്കാം. 42 കിലോ ഗ്രാം എങ്ങനെ 38 കിലോഗ്രാമായി കുറഞ്ഞു? നാല് കിലോഗ്രാം ഭാരം എങ്ങനെ കുറഞ്ഞു?,” ഹൈക്കോടതി ചോദിച്ചു.
അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ പിന്തുണയറിയിച്ചു. ആഗോള അയ്യപ്പ സംഘമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മലയോര മേഖലയുടെ സമഗ്ര വികസനത്തിന് അയ്യപ്പ സംഗമം തുടക്കമിടുമെന്നും ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ അശ്വന്ത് ഭാസ്കർ പറഞ്ഞു. പാതിവഴിയിലായ ശബരി റെയിൽ പാതയുടെ പൂർത്തികരണം വേഗത്തിൽ പൂർത്തിയാക്കണം. ആഗോള അയ്യപ്പ സംഗമത്തിൽ ശബരി റെയിൽവേ പദ്ധതി വിഷയമായി ചർച്ചയ്ക്ക് കൊണ്ടുവരുമെന്നും ആക്ഷൻ കൗൺസിൽ പ്രതിനിധികൾ അറിയിച്ചു.