തമിഴ് നടന്‍ റോബോ ശങ്കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കാർത്തി. മോശപ്പെട്ട ശീലങ്ങള്‍ തെരഞ്ഞെടുത്തത് മൂലം ഒരു പ്രതിഭയെ വളരെ പെട്ടെന്ന് നഷ്ടമായി എന്ന് താരം തന്റെ സമൂഹമാധ്യമ പേജില്‍ കുറിച്ചു.
“മോശം തെരഞ്ഞെടുപ്പുകള്‍ കാലക്രമേണ ആരോഗ്യം നശിപ്പിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു.ഒരു മികച്ച പ്രതിഭ പൊടുന്നനെ വിട്ടുപോയി.റോബോ ശങ്കറിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ ആനുശോചനങ്ങള്‍, കാർത്തി കുറിച്ചു.
46ാം വയസിലായിരുന്നു റോബോ ശങ്കറിന്റെ നിര്യാണം. വ്യാഴാഴ്ച രാത്രി ഏകദേശം എട്ടരയോടെയായിരുന്നു മരണം. ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ഷൂട്ടിങ്ങിനിടെ ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മിമിക്രി കലാകാരനായ ശങ്കർ വേദികളില്‍ റോബോട്ടിക് ശൈലിയിലുള്ള നൃത്തച്ചുവടുകള്‍ അനുകരിച്ചാണ്’റോബോ’ എന്ന വിളിപ്പേര് നേടിയത്. 2000ങ്ങളിൽ നിരവധി ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം, വിജയ് ടിവിയിലെ ജനപ്രിയ റിയാലിറ്റി സ്റ്റാൻഡ്-അപ്പ് കോമഡി ഷോയായ ‘കലക്ക പോവത്തു യാരി’ലുടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. വിജയ് സേതുപതി നായകനായ ‘ഇതർക്കുതനെ അസൈപ്പെട്ടൈ ബാലകുമാര’യിലൂടെ സിനിമയിലെത്തി. വായൈ മൂടി പേശവും, ടൂറിങ് ടോക്കീസ്, മാരി, ബിഗില്‍, സിങ്കം 3, വേലൈക്കാരന്‍, തുടങ്ങിയ സിനിമകളിൽ ശ്രദ്ധയമായ വേഷങ്ങള്‍ ചെയ്തു. ഹാസ്യ രംഗങ്ങളിലെ പ്രകടനങ്ങള്‍ താരത്തിന് വലിയ പേര് നേടിക്കൊടുത്തു.