ആസാമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. സുബീന്റെ ബാന്‍ഡിലെ ശേഖര്‍ ജ്യോതി ഗോസ്വാമിയെയും സഹ ഗായിക അമ്രിത്പ്രാവ മഹാന്തയെയുമാണ് അസം പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇതോടെ സുബീന്റെ മരണത്തില്‍ അറസ്റ്റ് നാലായി.
സെപ്തംബര്‍ 19ന് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പാര്‍ട്ടിയില്‍ ഗോസ്വാമിയും മഹാന്തയും സുബീനൊപ്പമുണ്ടായിരുന്നു. സ്കൂബ ഡൈവിങ്ങിനായി പോയ സുബീനെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഗാര്‍ഗിനോട് വളരെ അടുത്ത് തന്നെ ശേഖര്‍ ജ്യോതി ഗോസ്വാമിയും നീന്തുന്നുണ്ടായിരുന്നു. അമ്രിത്പ്രാവ മഹാന്ത ഈ സംഭവങ്ങള്‍ എല്ലാം മൊബൈലില്‍ വീഡിയോ ആയി പകര്‍ത്തുന്നുമുണ്ടായിരുന്നു. കഴിഞ്ഞ ആറ് ദിവസമായി ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ, നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ മാനേജര്‍ ശ്യാംകാനു മഹാന്ത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ശര്‍മയ്ക്കും ശ്യാംകാനു മഹാന്തയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ, ക്രിമിനല്‍ ഗൂഢാലോചന, അശ്രദ്ധ മൂലമുള്ള മരണം എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു.
സിംഗപ്പൂരില്‍ വെച്ച് സെപ്റ്റംബര്‍ 20, 21 തീയതികളില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനായിട്ടാണ് സിംഗപൂരില്‍ എത്തിയത്. സ്‌കൂബ ഡൈവിങ്ങിനിടെ ശ്വാസതടസം നേരിട്ട സുബീനെ ഉടനടി കരയിലെത്തിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സിംഗപൂര്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് മരണം സ്ഥിരീകരിച്ചത്.