മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഡിമെന്‍ഷ്യ ബോധവല്‍ക്കരണ പരിപാടിക്ക് ഐടി തലസ്ഥാനമായ ബെംഗളൂരുവില്‍ തുടക്കമായി. സാങ്കേതികവിദ്യാ വികാസത്തിന് വൈജ്ഞാനികതലത്തില്‍ നല്‍കേണ്ടി വരുന്ന വിലയായ ഡിജിറ്റല്‍ ഡിമെന്‍ഷ്യയെ അറിയുകയും അഭിസംബോധന ചെയ്യുകയും ചെയ്യണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംഘടിപ്പിച്ച സെമിനാര്‍ കര്‍ണാടക സംസ്ഥാന ബയോ എനര്‍ജി ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എസ്.ഇ. സുധീന്ദ്ര ഉദ്ഘാടനം ചെയ്തു. കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഡോ. കെ. വൈഷ്ണവി വിശിഷ്ടാതിഥിയായി. മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാറുമായി ആശയവിനിമയ ചര്‍ച്ചയും ചടങ്ങില്‍ നടന്നു.
ഇത്തരം പരിപാടികള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്.ഇ. സുധീന്ദ്ര പറഞ്ഞു. അര്‍ത്ഥവത്തായ വിഷയങ്ങള്‍ ഏറ്റെടുത്ത് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മണപ്പുറം ഫിനാന്‍സിന് കര്‍ണാടക സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനല്‍കി. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഡിജിറ്റല്‍ ഡിമെന്‍ഷ്യ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി സംസാരിച്ച ഡോ. വൈഷ്ണവി വ്യക്തമാക്കി. ഇത്തരമൊരു സാര്‍ഥകമായ ചര്‍ച്ച സംഘടിപ്പിച്ചതിന് മണപ്പുറത്തെ അവര്‍ അഭിനന്ദിച്ചു.
സാങ്കേതിക വിദ്യയുടെ വളര്‍ച്ച വ്യക്തികളുടെയും സമൂഹത്തിന്റെയും ശീലങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ വളരെ വലുതാണെന്നും ഇതിനെ അഭിമുഖീകരിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നും വി.പി. നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. ‘ഡിജിറ്റല്‍ യുഗം നമ്മുടെ ചിന്താഗതികളെയും ആശയവിനിമയങ്ങളെയും പെരുമാറ്റരീതികളെയും പരിവര്‍ത്തനം ചെയ്യുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ആധുനിക സാങ്കേതികവിദ്യകള്‍, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മൊബൈല്‍ കമ്പ്യൂട്ടിംഗ് എന്നിവ, വ്യക്തികളുടെ പെരുമാറ്റ രീതികളെ സ്വാധീനിക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഈ ഉപകരണങ്ങള്‍ നമ്മുടെ വ്യക്തിബന്ധങ്ങളെയും ലോകവുമായുള്ള ഇടപെടലുകളെയും മാത്രമല്ല, നമ്മുടെ സാമൂഹിക മാനദണ്ഡങ്ങളെയും സംസ്‌കാരത്തെയും വ്യക്തിത്വത്തെയും മാനസികാരോഗ്യത്തെയും പോലും പുനര്‍നിര്‍വചിക്കുന്നു.’ – അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെംഗളൂരുവിലെ നിംഹാന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജി പ്രൊഫസറും ഇന്ത്യയുടെ ഡീഅഡിക്ഷന്‍ ടെക് സംരംഭമായ ഷട്ട് ക്ലിനിക്കിന്റെ തുടക്കക്കാരനുമായ ഡോ. മനോജ് കുമാര്‍ ശര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. ‘ആധുനിക സാങ്കേതികവിദ്യ മുമ്പെന്നത്തേക്കാളും വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കാന്‍ പ്രാപ്തരാക്കിയിട്ടുണ്ടെങ്കിലും അതിന് ദോഷകരമായ മറുവശവുണ്ട്. സോഷ്യല്‍ മീഡിയ, മൊബൈല്‍ ഉപകരണങ്ങള്‍, ചിലതരം സാങ്കേതികവിദ്യകള്‍ എന്നിവയുടെ അമിതമായ ഉപയോഗം വിപരീത ഫലങ്ങളിലേക്ക് നയിച്ചേക്കാം. അതിനാല്‍, സാങ്കേതിക വിദ്യയുടെ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങളും കൂടുതല്‍ ഗുണപരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലുറപ്പിക്കേണ്ടത് പ്രധാനമാണ്.’-അദ്ദേഹം പറഞ്ഞു.
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ കോ-പ്രൊമോട്ടര്‍ സുഷമ നന്ദകുമാര്‍, ജനറല്‍ മാനേജരും ചീഫ് പിആര്‍ഒയുമായ സനോജ് ഹെര്‍ബര്‍ട്ട്, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മേധാവി രാഹുല്‍ വിനായക് വാഡ്‌കെ തുടങ്ങിയവര്‍ പങ്കെടുത്തു. സീനിയര്‍ പിആര്‍ഒ കെ.എം. അഷറഫ് സ്വാഗതവും മണപ്പുറം ഫൗണ്ടേഷന്റെ സിഇഒ ജോര്‍ജ്ജ് ഡി ദാസ് നന്ദിയും പറഞ്ഞു.