ഗസ്സയിൽ ബന്ദികളെ ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ നിരായുധീകരിക്കുമെന്നും ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. അതിനിടെ വെടിനിർത്തൽ ധാരണയിൽ എത്തുന്നതിൽ കാലതാമസം അനുവദിക്കില്ലെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകി. ചർച്ചകൾക്കായി യുഎസ് സംഘം ഈജിപ്തിലേക്ക് പോകും.
നയതന്ത്രപരമായോ സൈനികമായോ ഹമാസിൻറെ നിരായുധീകരണം ഉണ്ടാകുമെന്ന് നെതന്യാഹു വ്യക്തമാക്കി. അമേരിക്കയുടെ 20 ഇന സമാധാന കരാർ ഭാഗികമായി അംഗീകരിക്കാൻ തയ്യാറെന്ന് ഹമാസ് അറിയിച്ചിരുന്നു. കരാർ അംഗീകരിക്കാൻ ഹമാസിന് ഇന്ന് വൈകിട്ട് ആറ് വരെ ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കരാർ ഭാഗികമായി അംഗീകരിക്കാൻ ഹമാസ് തയാറായത്. ഹമാസ് കരാറിന് തയ്യാറാണെങ്കിൽ ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം സമാധാന കരാറിന്റെ ആദ്യ ഘട്ടം നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. സമാധാന പദ്ധതിയിലെ വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തണമെന്ന ആവശ്യം ഹമാസ് ഉന്നയിച്ചിട്ടുണ്ട്. അമേരിക്കയുടെ 20 ഇന സമാധാനപദ്ധതിയിൽ ഹമാസിന്റെ നിരായുധീകരണം, ബന്ദികളുടെ മോചനം, ഗസയുടെ ഭരണത്തിൽ നിന്നും ഹമാസിനെ ഒഴിവാക്കൽ തുടങ്ങിയ വ്യവസ്ഥകളാണുള്ളത്.