ജില്ലാ ആശുപത്രിയിലെ ചികിത്സയെ തുടർന്ന് ഒൻപത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവത്തിൽ നടപടി. രണ്ട് ജൂനിയർ ഡോക്ടർമാർക്ക് സസ്പെൻഷൻ നൽകി. ജൂനിയർ റസിഡന്റ് ഡോക്ടർ മുസ്തഫ, ജൂനിയർ കൺസൾട്ടന്റ് ഡോക്ടർ സർഫറാസ് എന്നിവർക്കാണ് സസ്പെൻഷൻ. ചികിത്സ പ്രോട്ടോക്കോളിൽ വീഴ്ച വരുത്തി എന്ന് കണ്ടെത്തലിലാണ് നടപടി.
സംഭവത്തിൽ ചികിത്സ പിഴവില്ലെന്ന് കെജിഎംഒഎ നേരത്തെ വ്യക്തമാക്കിയിരുന്നു. സമഗ്ര റിപ്പോർട്ട് വരും മുമ്പേ എല്ലാം ക്ലിയർ ആണെന്നാണ് കെജിഎംഒഎയുടെ അവകാശവാദം. അപൂർവമായി നടക്കുന്ന സംഭവമാണ് ഇതെന്നാണ് ആശുപത്രി സൂപ്രണ്ടിൻ്റെ പ്രതികരണം. കുട്ടിയ്ക്ക് ഗുരുതരമായ മുറിവ് ഉണ്ടായിരുന്നില്ലെന്നും, നീരോ വേദനയോ ഉണ്ടെങ്കിൽ വീണ്ടും വരാൻ പറഞ്ഞിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.
ജില്ലാ ആശുപത്രി ഓർത്തോ മേധാവി ഡോ. ടോണി ജോസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ, കെജിഎംഒഎ ജില്ലാ സെക്രട്ടറി ഡോ. വൈശാഖ് ബാലൻ, എന്നിവർ ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഡോക്ടർമാരെ ന്യായീകരിച്ച് കൊണ്ട് സംസാരിച്ചത്. അതേസമയം,ഡിഎംഒ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടും പുറത്തുവന്നു.
കുട്ടിക്ക് ശസ്ത്രീയ ചികിത്സ നൽകിയിട്ടുണ്ട്. എന്നാൽ കുട്ടിയുടെ കൈയ്യിലെ രക്തപ്രവാഹം നിലക്കാൻ കാരണമെന്താണെന്നത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ടിൽ യാതൊരു പരാമർശവും ഇല്ല. വീഴ്ച പറ്റിയത് അംഗീകരിക്കാത്ത റിപ്പോർട്ട് ആണെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.