ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ xAI ചാറ്റ് ബോട്ടായ ഗ്രോക്കിനെ പരിശീലിപ്പിക്കാന്‍ ആളെ തേടുന്നു. ഗ്രോക്കിനെ വീഡിയോ ഗെയിം പരിശീലിപ്പിക്കാനാണ് എക്‌സ് എഐ പരിശീലകരെ തേടുന്നത്. കമ്പനിയുടെ കരിയര്‍ പേജില്‍ വീഡിയോ ഗെയിം ട്യൂട്ടര്‍മാരെ വേണമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഗെയിം മെക്കാനിക്‌സ്, ഡിസൈന്‍ എന്നിവ മുതല്‍ കഥപറച്ചില്‍, ഉപയോക്തൃ അനുഭവം എന്നിവയിലടക്കം എഐ സിസ്റ്റത്തെ പരിശീലിപ്പിക്കാനാണ് വിദഗ്്ധരെ തേടുന്നത്. വീഡിയോ ഗെയിം കളിക്കാന്‍കഴിയുന്നതും രസകരവുമാക്കുന്നത് എന്താണെന്നതില്‍ ഗ്രോക്കിന്റെ ഗ്രാഹ്യം മെച്ചപ്പെടുത്തുകയും ഉയര്‍ന്ന നിലവാരമുള്ള ഡാറ്റ നല്‍കുകയുമാണ് പരിശീലകര്‍ ചെയ്യേണ്ടത്.
എക്‌സ് എഐയുടെ സാങ്കേതിക പ്രവര്‍ത്തകരുമായി ചേര്‍ന്നായിരിക്കും ജോലി. മനുഷ്യരുടെ സഹായമില്ലാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്.
ഗെയിം ഡിസൈന്‍, കമ്പ്യൂട്ടര്‍ സയന്‍സോ അതുമായി ബന്ധപ്പെട്ട മേഖലയിലോ അനുഭവപരിചയമുള്ള ഇന്‍ഡി ഗെയിം വികസനത്തില്‍ പ്രായോഗിക പരിചയവും പ്രോജക്റ്റുകളുടെ പോര്‍ട്ട്ഫോളിയോ അവതരിപ്പിക്കാനുള്ള കഴിവും പ്രധാനമാണ്. ഗെയിംപ്ലേ മെക്കാനിക്‌സ് മുതല്‍ കഥപറച്ചില്‍ വരെ ഗെയിമിന്റെ ഗുണനിലവാരത്തെക്കുറിച്ച് നല്ല ധാരണയും ഈ ജോലിക്ക് ആവശ്യമാണ്.
എഐ അസിസ്റ്റ് ഗെയിം ഡെവലപ്‌മെന്റിലും പ്ലേ ടെസ്റ്റിങ്ങിലും അനുഭവപരിചയവും അഭികാമ്യമാണ്. സ്മാര്‍ട്ട്‌ഫോണ്‍, ക്രോംബുക്ക്, മാക്ഒഎസ് 11 അല്ലെങ്കില്‍ അതിന് ശേഷമുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു Mac, അല്ലെങ്കില്‍ വിന്‍ഡോസ് 10 കമ്പ്യൂട്ടര്‍ എന്നിവയില്‍ ആക്സസ് ഉണ്ടായിരിക്കണം.