ശബരിമല ദ്വാരപാലകശിൽപ്പത്തിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന് ദേവസ്വം വിജിലൻസിന്റെ നിഗമനം. ചെന്നൈയിൽ എത്തിക്കുന്നതിന് മുമ്പ് സ്വർണം വേർതിരിച്ചെടുത്തെന്നാണ് നിഗമനം. സ്മാർട്ട് ക്രിയേഷനിൽ എത്തിക്കുമ്പോൾ സ്വർണത്തിൻ്റെ തരിമ്പ് പോലും ഉണ്ടായിരുന്നില്ല. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം മോഷ്ടിച്ചെന്നാണ് സൂചന. സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്നും സംശയമുണ്ട്. ചെമ്പെന്ന ഉത്തരവിറക്കിയതിന് പിന്നിൽ ഗൂഢാലോചന എന്ന കാര്യവും ദേവസ്വം വിജിലൻസ് പരിശോധിക്കും.
അതേസമയം, ദേവസ്വം വിജിലൻസ് എസ്പി സന്നിധാനത്ത് എത്തും. സ്ട്രോങ്ങ് റൂം പരിശോധിക്കും. ദ്വാരപാലക പാളികളും പരിശോധിക്കും. സ്വർണപ്പാളി വിവാദത്തിൽ എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം ഉടനാരംഭിക്കും. അന്വേഷണ സംഘാംഗങ്ങളുടെ യോഗം ഉടൻ ചേരാനാണ് മേൽനോട്ട ചുമതല വഹിക്കുന്ന എഡിജിപി എച്ച്. വെങ്കടേഷിന്റെ തീരുമാനം.
അന്വേഷണ സംഘത്തിൽപെട്ട അംഗങ്ങളോട് ഉടൻ തിരുവനന്തപുരത്തെത്താൻ എഡിജിപി നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ചക്കുള്ളിൽ അന്വേഷണ വിവരങ്ങൾ രേഖകളായി പ്രത്യേക സംഘത്തിന് ദേവസ്വം വിജിലൻസ് കൈമാറും. ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിന് പുറമേ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച നാലു പരാതികൾ പ്രത്യേക അന്വേഷണസംഘം പരിശോധിക്കും.