ഗാസയെ കുരുതിക്കളമാക്കിയ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടാണ്ട്. 2023 ഒക്ടോബർ 7ന് ഇസ്രയേലിന്റെ എല്ലാ സുരക്ഷയും മറികടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,139 പേരാണ് കൊല്ലപ്പെട്ടത്. പിന്നീട് ലോകം കണ്ടത് പലസ്തീന് മേൽ ഇസ്രയേൽ പതിറ്റാണ്ടുകളായി നടത്തികൊണ്ടിരിക്കുന്ന ആക്രമണം എല്ലാ പരിധികളും ലംഘിക്കുന്നതാണ്. 70,000ത്തോളം പലസ്തീനികളെയാണ് ഇസ്രയേൽ കൂട്ടക്കൊല ചെയ്തത്. കെടുതിയുടെ പാരമ്യത്തിലും സമാധാനത്തിന്റെ സൂര്യോദയത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് പലസ്തീൻ.
അല്‍ അഖ്സ പ്രളയം എന്ന് ഹമാസ് പേരിട്ട് വിളിച്ച സായുധ ആക്രമണം, അത് വരെ ഇസ്രയേലിനെതിരെ ഹമാസ് നടത്തി വന്ന ആക്രമണത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് വിക്ഷേപിച്ചതിന് പിന്നാലെ ഹമാസ് സായുധ സംഘമായ അല്‍ ഖസ്സാം ബ്രിഗേഡ് ഇസ്രായേലിലേക്ക് ഇരച്ച് കയറി. ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ചുള്ള തുടര്‍ച്ചയായ ആക്രമണം.
ഒക്ടോബര്‍ 7 ശനിയാഴ്ച രാവിലെ 7.45 ഓടെയായിരുന്നു ഒരേ സമയം വിവിധ ഇടങ്ങളിലേക്കുള്ള ഹമാസ് സൈനിക നീക്കം. ഇസ്രയേല്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാനായി അറബ് രാഷ്ട്രങ്ങള്‍ യുദ്ധം തുടങ്ങിവച്ച 1973ലെ യോംകിപ്പൂര്‍ യുദ്ധത്തിന്‍റെ ഓര്‍മ ദിവസം കൂടിയായിരുന്നു അന്ന്. തെക്കന്‍ ഇസ്രയേലില്‍ അവധിയോടനുബന്ധിച്ച് നൃത്ത പരിപാടികള്‍ നടന്നുവന്നിരുന്ന സ്ഥലത്ത് നടത്തിയ വെടിവയ്പ്പില്‍ ഇസ്രയേല്‍ സൈനികര്‍ ഉള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. 250 ഇസ്രയേലികളെ ബന്ദികളാക്കി.
ആദ്യത്തെ ഞെട്ടലില്‍ നിന്ന് മുക്തരായ ഇസ്രായേല്‍ സേന പിന്നെ നടത്തിയത് ചരിത്രത്തില്‍ സമാനതകളില്ലാത്ത കൂട്ടക്കൊലകളാണ്. പലസ്തീന്‍റെ മണ്ണിലേക്ക് അത്യാധുനിക റോക്കറ്റുകള്‍ അടക്കം ഉപയോഗിച്ചുള്ള തുടര്‍ച്ചയായ ആക്രമണമാണ് നടത്തിയത്. സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും കൂട്ടക്കൊലക്കിരയാക്കി. ഗാസ ശവപറമ്പായിമാറി. ആശുപത്രികള്‍ നിരന്തരം ബോംബാക്രമണത്തിന് ഇരയായി. നിരവധി ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും കൊല്ലപ്പെട്ടു.
ശക്തമായ ഉപരോധം ഗാസയെ പട്ടിണിയിലേക്ക് തള്ളി വിട്ടു. കൈക്കുഞ്ഞുകള്‍ ഉള്‍പ്പെടെ പട്ടിണി മൂലം മരിച്ചുവീണു. ഗാസ പട്ടിണിയുടെ വക്കിലാണെന്ന് യുഎൻ റിപ്പോർട്ട് ലോകത്തെ ഞെട്ടിച്ചു. ഗാസയിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള ശ്രമങ്ങള്‍ പോലും തടയപ്പെട്ടു. ഇസ്രയേല്‍ ക്രൂരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കൊന്നൊടുക്കി. ഹമാസിനെയും ഇസ്രയേലിനും പിന്തുണയ്ക്കുന്നു എന്നാരോപിച്ച് ആക്രമണം ഹിസ്ബുല്ലക്ക് നേരെയും ഹൂതികള്‍ക്കെതിരെയും വ്യാപിപ്പിച്ചു. ഇറാനിലെ അതിസുരക്ഷാ മേഖലയിൽ വച്ച് ഹമാസ് മേധാവി ഇസ്മയിൽ ഹനിയയെയും, ലെബനനില്‍ വച്ച് ഹെസ്ബൊള്ള മേധാവി ഹസൻ നസറള്ളയും കൊലപ്പെടുത്തി..
പേജർ ആക്രമണത്തോടെ ഹെസ്ബൊള്ളയുടെ വലിയൊരു വിഭാഗം നേതൃത്വം ഇല്ലാതായി. ഒക്ടോബർ 7 ആക്രമണത്തിന്‍റെ സൂത്രധാരൻ കൂടിയായ ഹമാസ് നേതാവ് യഹിയ സിൻവാറും കൊല്ലപ്പെട്ടു. സിറിയയിൽ ഇറാനെ പിന്തുണക്കുന്ന അസദിന്‍റെ ഭരണകൂടം വീണു. യെമനിലെ ഹൂത്തികളുടെ ആക്രമണത്തിൽ ചെങ്കടലും സംഘർഷഭരിതമായി. ഹമാസിനെ സഹായിക്കുന്നു എന്നാരോപിച്ച് ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ ആക്രമണം നടത്തി. പിന്നാലെ 12 ദിനം നീണ്ട് നിന്ന ഇറാൻ-ഇസ്രയേൽ യുദ്ധം.
പക്ഷേ ഇറാന്‍റെ തിരച്ചടി ഇസ്രയേലിനെ ഞെട്ടിച്ചു. ഇസ്രയേലിന്‍റെ അയണ്‍ ഡോമുകളെ ഭേദിച്ച് തെല്‍ അവീവിലേക്കടക്കം നൂറ് കണക്കിന് റോക്കറ്റുകള്‍ വന്ന് പതിച്ചു. പിന്നെ അമേരിക്ക ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചു. ഹമാസിനെ സഹായിക്കുന്നു എന്നാരോപിച്ച് ഖത്തറിലേക്കും ഇസ്രയേല്‍ റോക്കറ്റുകള്‍ പതിച്ചു. ഇതോടെ യുദ്ധത്തിന് പുതിയ മാനം കൈവന്നു. അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്തെത്തി.
അമേരിക്കക്ക് ഇസ്രയേലിനെ ഇക്കാര്യത്തിലെങ്കിലും തിരുത്തേണ്ടി വന്നു. ദ്വിരാഷ്ട്ര പരിഹാരം എന്ന ആവശ്യം ലോകം മുഴുവന്‍ മുഴങ്ങി. ഗാസയ്ക്ക് വേണ്ടി ലോകത്തിന്‍റെ വിവിധ കോണുകളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. യുഎന്നില്‍ പ്രതിനിധികള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കൂക്കിവിളിച്ചത് ലോകം കണ്ടു.
പട്ടിണി മരണങ്ങളിലേക്ക് തള്ളിയിട്ട ഗാസയിലെ ഇസ്രയേല്‍ ഉപരോധം മറികടന്ന് ഫ്രീ പലസ്തീന്‍ മുദ്രാവാക്യം വിളികളുമായി ഗാസ തുറമുഖം ലക്ഷ്യമാക്കി ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല കപ്പല്‍ വ്യൂഹം യാത്ര തിരിച്ചു. അത് തീരമണയുന്നതും കാത്ത് ഗാസ തുറമുഖത്തിന്‍റെ വിദൂരതയിലേക്ക് ഒട്ടിയ വയറുമായി നോക്കി ഇരിക്കുന്ന പലസ്തീന്‍ കുട്ടികള്‍ ഹൃദയമുള്ളവരുടെയെല്ലാം കണ്ണ് നനയിച്ചു.
പരിസ്ഥിതി പ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ഗ്രെറ്റ തുൻബർഗ് നേതൃത്വം നല്‍കിയ ഫ്ലോട്ടില്ല മൂവ്മെൻ്റ് ഇസ്രയേല്‍ തടസപ്പെടുത്തിയതോടെ ആ പ്രതീക്ഷകള്‍ താല്‍ക്കാലികമായെങ്കിലും അസ്തമിച്ചു. ഭക്ഷണവും മരുന്നും നിഷേധിച്ച് ഇസ്രയേല്‍ ക്രൂരതകളുടെ ഇരകളായി അവര്‍ ഇപ്പോഴും അവിടെ കാത്തിരിക്കുകയാണ്.
ഇസ്രയേല്‍ നടത്തുന്ന ഗാസ കൂട്ടക്കുരുതി 731 ദിനങ്ങൾ പിന്നിടുന്ന വേളയില്‍ സ്വതന്ത്ര പലസ്തീന്‍ എന്ന സ്വപ്നത്തിലേക്ക് നടന്നുകയറാന്‍ ആ കുരുന്നുകള്‍ക്ക് കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകമെമ്പാടും. ഏറ്റവുമൊടുവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വച്ച സമാധാന ഉടമ്പടിയില്‍ പോലും പ്രതീക്ഷ വെക്കുകയാണ് ലോകം.