ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവയുടെ കാര്‍ വളഞ്ഞ് പ്രതിഷേധക്കാര്‍. ഡീസല്‍ സബ്‌സിഡികള്‍ എടുത്തു മാറ്റിയതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് ഇക്വഡോറില്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വാഹനം തടയുകയും കല്ലുകളെറിയുകയും ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം.
ദക്ഷിണ കനാര്‍ പ്രവിശ്യയില്‍ നിന്നുള്ള 500 ഓളം വരുന്ന പ്രതിഷേധക്കാരാണ് നൊബോവയെ ആക്രമിച്ചത്. വാഹനത്തിന് നേരെ വെടിയുതിര്‍ത്ത പാടുകളും ഉണ്ടെന്ന് ഇക്വഡോര്‍ ഊര്‍ജമന്ത്രി ഇനിസ് മാന്‍സാനോയും പറഞ്ഞു. സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
‘പ്രസിഡന്റിന്റെ കാറിന് നേരെ വെടിയുതിര്‍ക്കുക, കല്ലുകളെറിയുക, പൊതുമുതല്‍ നശിപ്പിക്കുക എന്നിവയൊക്കെ ക്രിമിനില്‍ നടപടികളാണ്. സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തു. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് അനുവദിക്കില്ല,’ മാന്‍സാനോ പ്രസ്താവനയില്‍ പറഞ്ഞു.
ദേശീയതലത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം സഘടിപ്പിക്കുന്നത് ഇക്വഡോറിലെ ദേശീയ ഇന്‍ഡിജെനസ് ഫെഡറേഷന്‍ ആയ സിഒഎന്‍എഐഇ ആണ്. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ തലസ്ഥാന നഗരമായ ക്വിറ്റോ ഉള്‍പ്പെടെ 10 പ്രദേശങ്ങളില്‍ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.