ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം മോഷ്ടിച്ചതില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ മുരാരി ബാബുവിന്റെ രണ്ട് പ്രധാന വാദങ്ങളും തള്ളുകയാണ് അന്നത്തെ തന്ത്രി കണ്ഠരര് രാജീവര്. 2019ല്‍ അറ്റകുറ്റപ്പണി നടത്താന്‍ അനുമതി കൊടുത്തു എന്നത് ശരിയാണ്. പക്ഷെ മുരാരി ബാബു ഇങ്ങോട്ട് രേഖാമൂലം ആവശ്യപ്പെട്ട പ്രകാരമാണ് അനുമതി കൊടുത്തത്. അതും ചെന്നൈയിലേക്ക് കൊണ്ടു പോകാന്‍ പറഞ്ഞിട്ടില്ല.
ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് എന്ന മുരാരിയുടെ വാദവും തെറ്റാണ്. ശില്‍പ്പപാളികള്‍ സ്വര്‍ണം പൂശിയത് തന്നെയാണെന്നും കണ്ഠരര് രാജീവര് വ്യക്തമാക്കി.
സ്വര്‍ണപ്പാളി മോഷ്ടിച്ചതില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ് ദേവസ്വം ബോര്‍ഡ്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ആത്മവിശ്വാസത്തോടെയാണ് നില്‍ക്കുന്നതെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. തന്ത്രിയുടെ അനുമതി അടക്കം രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് പ്രശാന്ത് പറഞ്ഞു.
വിജിലന്‍സ് എസ്.പി. സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ 2019ലെ ഭരണസമിതിയെ കുറ്റപ്പെടുത്തുന്നില്ലെന്ന് പ്രശാന്ത് വെളിപ്പെടുത്തി. പക്ഷെ ആ ഭരണസമിതിയെ പൂര്‍ണമായി ന്യായീകരിക്കാന്‍ പ്രശാന്ത് തയ്യാറായില്ല.
2025ലെ അറ്റകുറ്റപ്പണിക്ക് എതിരായ നിലപാട് തിരുവാഭരണ കമ്മീഷണര്‍ എട്ട് ദിവസം കൊണ്ട് തിരുത്തിയതില്‍ ദുരൂഹത സംശയിക്കേണ്ടെന്നും പ്രശാന്ത് പറഞ്ഞു.