താമരശേരി ഡോക്ടർക്കെതിരായ ആക്രമണത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഡോക്ടർമാർ. കോഴിക്കോട് ജില്ലയിൽ ഒപി ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. അത്യാഹിത വിഭാഗം മാത്രമാണ് ഇന്ന് പ്രവർത്തിക്കുക. ആക്രമണം നടന്ന താമരശേരി താലൂക്ക് ആശുപത്രിയിൽ ഇന്നും ഒപി പ്രവർത്തിക്കില്ല, അതേസമയം, ആക്രമണത്തിനിരയായ ഡോക്ടറുടെ ശസ്ത്രക്രിയ പൂർത്തിയായി. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഐഎംഎയുടെ നേതൃത്വത്തിൽ രാവിലെ 9 മണിക്ക് താമരശേരി താലൂക്ക് ആശുപത്രി പരിസരത്ത് പ്രതിഷേധയോഗം സംഘടിപ്പിക്കും. പ്രതിഷേധത്തിൻ്റെ ഭാഗമായി ഔട്ട്‌പേഷ്യൻ്റ് സേവനങ്ങളും സ്വകാര്യ ചികിത്സയും അടക്കം മുഴുവൻ സേവനങ്ങളും ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
ആശുപത്രികളെ അതീവ സുരക്ഷാ മേഖലായയി പ്രഖ്യാപിക്കണമെന്നാണ് ഡോക്ചടർമാരുടെ പ്രധാന ആവശ്യം. ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി സനൂപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. താമരശേരി കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.
ഇന്നലെ ഉച്ചയോടെയാണ് താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിൻ്റെ തലയ്ക്ക് വെട്ടേറ്റത്. താലൂക്കാശുപത്രിയിലെ സൂപ്രണ്ടിൻ്റെ ഓഫീസിൽ വച്ചാണ് പ്രതി സനൂപ് ഡോക്ടറെ വെട്ടിയത്. രണ്ടു മക്കളുമായി ആശുപത്രിയിലെത്തിയ പ്രതി കുട്ടികളെ പുറത്ത് നിർത്തി പ്രതി സൂപ്രണ്ടിൻ്റെ റൂമിൽ കയറുകയും, ഡോക്ടറെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തത്.
മകളെ ചികിത്സിച്ചതിൽ പിഴവ് വരുത്തിയെന്ന് പറഞ്ഞാണ് പ്രതി ഡോക്ടറെ വടിവാൾ ഉപയോഗിച്ച് വെട്ടിയത്. ആഗസ്റ്റ് 14നാണ് സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അനയയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് നടത്തിയ പരിശോധനയിലാണ് മകൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മകളുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെയും സനൂപ് സർക്കാരിനെതിരെയും താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിയിലെത്തിയ പ്രതി ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്.