ട്രെയിൻ യാത്രക്കിടെ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അംഗം വി. ഗീതയുടേതാണ് ഉത്തരവ്. സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പൊലീസിനും റെയിൽവേക്കും നിർദേശം നൽകിയിട്ടുണ്ട്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർക്കും, സതേൺ റെയിൽവേ ഡിവിഷണൽ മാനേജരോടുമാണ് റിപ്പോർട്ട് തേടിയത്.
ചൊവ്വാഴ്ചയാണ് ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് മരിച്ചത്. മുംബൈ-എറണാകുളം ഓഖ എക്‌സ്പ്രസിൽ യാത്ര ചെയ്യവേ ഷൊർണൂർ കഴിഞ്ഞപ്പോൾ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അവശനിലയിൽ ആയ യുവാവിനെ സഹയാത്രിക്കാർ ചേർന്ന് മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയിരുന്നു. അരമണിക്കൂറോളം പ്ലാറ്റ്‌ഫോമിൽ കിടത്തിയിട്ടും ആംബുലൻസ് എത്തിച്ചില്ലെന്ന പരാതിയും ഉയർന്നിരുന്നു.
എന്നാൽ പ്രകോപിതരായ ചില യാത്രക്കാരാണ് യുവാവിൻ്റെ ചികിത്സ വൈകിപ്പിക്കാൻ കാരണമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. അർധ രാത്രിയായതും സ്റ്റേഷനിലേക്കുള്ള വാഹനപ്രവേശനം ദുഷ്കരമായതിനാലുമാണ് ആംബുലൻസ് എത്താൻ വൈകിയതെന്നും റെയിൽവേ പുറത്തുവിട്ട വിശദീകരണത്തിൽ പറയുന്നു.
റെയിൽവേയുടെ വിശദീകരണങ്ങൾ തള്ളി കൊണ്ട് മരിച്ച ശ്രീജിത്തിൻ്റെ സുഹൃത്ത് സൂര്യ പ്രതികരിച്ചിരുന്നു. ശ്രീജിത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ തന്നെ ട്രെയിനിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. യാത്രക്കാർ ട്രെയിനിൻ്റെ ചങ്ങല വലിച്ചതോടെ, തൃശൂരിൽ യുവാവിനെ എത്തിക്കാനുള്ള സമയം ഇല്ലാതായെന്ന് റെയിൽവേ പറഞ്ഞിരുന്നു. യാത്രക്കാരാരും അപായ ചങ്ങല വലിച്ചിട്ടില്ലെന്നും സൂര്യ പറഞ്ഞു.