മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് ശബരിമലയില്‍ ദേവപ്രശ്നം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് ദേവപ്രശ്‌നം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. അവിശ്വാസികളായ ഭരണകര്‍താക്കള്‍ ഭഗവാന്റെ സ്വര്‍ണം മോഷ്ടിച്ചത് പുറത്തറിയാന്‍ കാരണം ഭഗവാന്റെ ഇച്ഛയാണെന്ന് വിശ്വഹിന്ദു പരിഷത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളുടെയും ഭരണ ചുമതല വിശ്വാസികള്‍ക്ക് നല്‍കണം. ഈശ്വര വിശ്വാസികളല്ലാത്ത മുഴുവന്‍ ഭരണകര്‍ത്താക്കളെയും അടിയന്തിരമായി ദേവസ്വം ഭരണത്തില്‍ നിന്നും മാറ്റി പകരം ഈശ്വര വിശ്വാസികളെ നിയമിക്കണമെന്നുമാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം. സമാന ആവശ്യം ബിജെപിയും മുന്നോട്ടുവച്ചിരുന്നു. വിശ്വാസികള്‍ എന്ന് പറയുന്ന പലരും നോക്കിനടത്തിയപ്പോള്‍ പല ക്ഷേത്രങ്ങളും നിത്യപൂജ പോലും മുടങ്ങി നാശത്തിന്റെ വക്കിലായിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് വന്നതില്‍ പിന്നെയാണ് ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെട്ടതെന്നുമായിരുന്നു ഈ ആവശ്യത്തില്‍ സര്‍ക്കാരിന്റെ മറുപടി.
കേരളത്തിലെ അകത്തും പുറത്തുമുള്ള പ്രഗത്ഭരായ ദൈവജ്ഞന്മാരുടെ പട്ടിക തയ്യാറാക്കി തുലാമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ ശബരിമല ധര്‍മ്മശാസ്താവിന്റെ മുന്നില്‍ വച്ച് ആ പട്ടിക പൂജ ചെയ്ത് മേല്‍ശാന്തി നിയമനത്തിലെന്ന പോലെ നറുക്കെടുപ്പിലൂടെ മുഖ്യ ജ്യോതിഷനെയും മറ്റ് ജ്യോതിഷന്മാരെയും തിരഞ്ഞെടുത്ത് വേണം ദേവപ്രശ്നം നടത്താനെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അഡ്വ.അനില്‍ വിളയില്‍ എന്നിവര്‍ വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. കോടതി ഹിതത്തിനും അപ്പുറം ഭഗവാന്റെ ഹിതമാണ് നിറവേറ്റേണ്ടതെന്നും വിശ്വഹിന്ദു പരിഷത്ത് പ്രസ്താവനയില്‍ പറഞ്ഞു.