തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചത് വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത അനാസ്ഥയെ തുടർന്നെന്ന് വ്യക്തമാക്കുന്ന രേഖകൾ ന്യൂസ് മലയാളത്തിന്. സ്കൂളിൽ സുരക്ഷാ ഓഡിറ്റിങ് നടത്താൻ ആവശ്യപ്പെട്ട് പുറത്തിറക്കിയ സർക്കുലറിലെ നിർദേശങ്ങൾ ഉദ്യോഗസ്ഥർ പാലിച്ചിട്ടില്ല. ജില്ലാ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ നേരിട്ടെത്തി സന്ദർശിച്ചില്ല തുടങ്ങിയ വീഴ്ചകളാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
ഇക്കഴിഞ്ഞ ജൂലൈ 17 നാണ് കൊല്ലം തേവലക്കര ബോയ്സ് എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചത്. സംഭവത്തിലെ സമ്പൂർണ്ണ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം ന്യൂസ് മലയാളത്തിന് ലഭിച്ചു. അപകടം റിപ്പോർട്ട് ചെയ്യുന്നതിൽ സ്കൂളിനും പിടിഎയ്ക്കും വീഴ്ച പറ്റിയെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമാണ്.
വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരി സ്കൂളിൽ എത്തിയെങ്കിലും അപകടകരമായി വൈദ്യുതി ലൈൻ കടന്നുപോകുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചില്ലെന്നും രേഖകളിൽ പറയുന്നു. അപകടം റിപ്പോർട്ട് ചെയ്യുന്നതിൽ സ്കൂളിനും പിടിഎയ്ക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത് പ്രഥമാധ്യാപികയ്ക്കും മാനേജ്മെൻ്റിനുമെതിരെ മാത്രമാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും വിശദീകരണത്തിൽ ഒതുക്കിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.