ഇടുക്കി അടിമാലിക്കടുത്ത് കൂമന്‍ പാറയില്‍ മണ്ണിടിഞ്ഞ് വീണ് വീടിനുള്ളില്‍ കുടുങ്ങിയ ബിജുവിന് ദാരുണാന്ത്യം. എന്‍ഡിആര്‍എഫും ഫയര്‍ഫോഴും നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബിജുവിനെ പുറത്തെത്തിച്ചത്. നേരത്തെ, ബിജുവിന്റെ ഭാര്യ സന്ധ്യയെ പുറത്തെത്തിച്ചിരുന്നു. ഇവരെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദമ്പതികളെ പുറത്തെടുക്കാന്‍ അഗ്‌നിരക്ഷാ സേനയും എന്‍ഡിആര്‍എഫും നാട്ടുകാരും ചേര്‍ന്ന് നടത്തിയത് മണിക്കൂറുകള്‍ നീണ്ട ദുഷ്‌കര രക്ഷാപ്രവര്‍ത്തനമായിരുന്നു.
ഇന്നലെ രാത്രി പത്തരയോടെയാണ് ഇടുക്കി അടിമാലിയിലെ ലക്ഷം വീട് ഉന്നതിയിലെ ഇരുപതോളം വീടുകള്‍ക്കു മുകളിലേക്ക് നാല്‍പത് അടി ഉയരമുള്ള മണ്‍ തിട്ട ഇടിഞ്ഞു വീണത്. നിരവധി വീടുകള്‍ മണ്ണിനടിയിലായി. ചില വീടുകളില്‍ ആളുകളുണ്ടായിരുന്നു. ആദ്യമെത്തിയ നാട്ടുകാര്‍ ഇവരെയെല്ലാം സുരക്ഷിതമായി മാറ്റി. എന്നാല്‍ ബിജുവും സന്ധ്യയും കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കടിയില്‍ പെട്ടുപോയി. ഇരുവരുടെയും കാലുകള്‍ പരസ്പരം പിണഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. അവര്‍ക്കു മുകളിലേക്കാണ് കെട്ടിടത്തിന്റെ ബീം തകര്‍ന്നു വീണത്. കോണ്‍ക്രീറ്റ് പാളിക്കു താഴെയായി ഒരു അലമാരയും ഇവര്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.



