ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക മേളയാണ് പുഷ്കർ മേള. എന്നാൽ ഒട്ടകങ്ങൾക്ക് പുറമേ കുതിരകളും ചെമ്മരിയാടുകളും തുടങ്ങി എല്ലാ കന്നുകാലികളും ഇവിടെ വിൽപ്പനക്കെത്താറുണ്ട്. ഇക്കൂട്ടത്തിൽ ഇത്തവണത്തെ താരം നാഗീനയാണ്. 31 മാസം പ്രായമുള്ള നഗീന എന്ന കുതിരയാണ് ആ താരം. ഒരു കോടി വിലയിട്ടിരിക്കുന്ന ഈ കൊച്ചു സുന്ദരി ആള് ചില്ലറക്കാരിയല്ല.
അഞ്ച് കുതിര പ്രദർശന മത്സരങ്ങളിൽ ഇതിനോടകം നഗീന വിജയിച്ചിട്ടുണ്ട്. 65 ഇഞ്ചാണ് ഉയരം. ഉടമയായ ഗോര ഭായ് നഗീനയെ പരിചരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ദിവസവും മൂന്ന് തവണ ഭക്ഷണവും എല്ലാ ദിവസവും മുടങ്ങാതെയുള്ള സവാരിയുമൊക്കെയാണ് നഗീനയുടെ ശീലങ്ങൾ. ഒരുകോടി രൂപയാണ് ഈ പെൺകുതിരയുടെ വില.
കുട്ടിക്കാലം മുതൽ കുതിരസവാരികൾക്കും മത്സരങ്ങൾക്കുമെല്ലാം നഗീനയെ പങ്കെടുപ്പിക്കാറുണ്ട്. ഇതുവരെ കുതിരയുടെ പരിപാലനത്തിന് ചെലവഴിച്ചത് 55 ലക്ഷം രൂപയാണ്. ഈ തുക മുഴുവനും ലഭിച്ചാൽ മാത്രമേ നഗീനയെ വീൽക്കൂ എന്നാണ് ഉടമയായ ഗോര ഭായ് പറയുന്നത്.
രാജ്യമെമ്പാടും അറിയപ്പെടുന്ന കുതിര കുതിരയായ ദിൽബാഗിന്റെ മകളാണ് നഗീന. ആകർഷണീയമായ ശരീരഘടന, ചടുലത, ശ്രദ്ധേയമായ നടത്തം എന്നിവയാൽ, നഗീന ഇതിനകം പഞ്ചാബിലെ നാല് പ്രധാന കുതിര പ്രദർശനങ്ങളിൽ വിജയിച്ചിട്ടുണ്ട്. നഗീനയുടെ ജനപ്രീതിയാണ് അവളെ പുഷ്കർ മേളയിലെ ഒരു പ്രധാന ചർച്ചാ വിഷയമാക്കി മാറ്റിയത്.
നഗീന ഒരു മാർവാഡി ഇനത്തിൽപ്പെട്ട കുതിരയാണ്. പഞ്ചാബിലെ ബതിൻഡയിൽ നിന്നാണ് അവളെത്തിയത്. കഴിഞ്ഞ 15 വർഷമായി പുഷ്കർ മേളയിലേക്ക് നല്ല ഇനങ്ങളിൽപ്പെട്ട കുതിരകളെ കൊണ്ടുവരുന്നുണ്ടെന്നും നഗീനയുടെ ഉടമ പറഞ്ഞു. വിനോദസഞ്ചാരികളുൾപ്പെടെ ഈ കൊച്ചു സുന്ദരിയെ ഒരു നോക്ക് കാണാൻ ആകാംക്ഷയോടെ എത്തുകയാണ്.
രാജസ്ഥാനിലെ പ്രധാന ആകർഷണങ്ങളിലൊന്നായ പുഷ്കർ മേള മേള മൂന്നാഴ്ചയാണ് നീണ്ടു നിൽക്കുക. നവംബർ 7 വരെ നടക്കുന്ന മേളയിൽ ആൺ, പെൺ ഒട്ടകങ്ങൾ മുതൽ നൃത്തമാടാൻ പരിശീലിച്ച ഒട്ടകങ്ങൾ വരെ മേളയിൽ വിൽപനയ്ക്കെത്തും. പിന്നെ കന്നുകാലികൾ. എന്നാൽ എല്ലാത്തവണയും നാഗീനയേപ്പോലെ ചിലരെത്തും മേളയുടെ കൊഴുപ്പു കൂട്ടാൻ.
പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന നാടോടി സംഗീതവും നൃത്ത പരിപാടികളും പരിപാടി ഏറെ ആസ്വാദ്യകരമാക്കുന്നു. ഒട്ടകങ്ങളുടെയും കന്നുകാലികളുടെയും വിവിധ മത്സരങ്ങളും മറ്റ് പരിപാടികളും മേളയിൽ നടക്കും.രാജസ്ഥാനിലെ അജ്മീറിനടുത്താണ് പുഷ്കർ സ്ഥിതി ചെയ്യുന്നത്.



