ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യു പുത്തന്‍ ഫ്ലാഗ്‌ഷിപ്പ് ഫോൺ വിപണിയിലെത്തിക്കുന്നു. ഐക്യു 15 നവംബര്‍ 26ന് ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റും, 144 ഹെര്‍ട്‌സ് 2കെ ഡിസ്‌പ്ലെയും ഒറിജിന്‍ഒഎസ് 6 യൂസര്‍ ഇന്‍റര്‍ഫേസും സഹിതമാണ് ഐക്യു 15 ഫോണ്‍ ഇന്ത്യയിലെത്തുക.
ചൈനയില്‍ ഒക്‌ടോബര്‍ 20നാണ് ഐക്യു 15 ഹാന്‍ഡ്സെറ്റ് പുറത്തിറങ്ങിയത്. 4,199 യുവാനിലാണ് (ഏകദേശം 52,000രൂപ) ചൈനയില്‍ ഐക്യു 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള അടിസ്ഥാന വേരിയന്‍റിന്‍റെ വിലയാണിത്. ഐക്യു 15 മോഡലിന് ഏറെക്കുറെ സമാനമായ ഫീച്ചറുകളാകും ഇന്ത്യന്‍ വേരിയന്‍റിലും കമ്പനി അവതരിപ്പിക്കുക എന്നാണ് സൂചന. ഇന്ത്യയിലെ ലോഞ്ചിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ അവരുടെ മൈക്രോസൈറ്റില്‍ ഐക്യു 15ന്‍റെ പ്രധാന ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് 5 ഫ്ലാഗ്‌ഷിപ്പ് ചിപ്പാണ് ഐക്യു 15 സ്‌മാര്‍ട്ട്‌ഫോണിന് കരുത്തു പകരുക. ഗെയിമിങ് പ്രകടനം മെച്ചപ്പെടുത്താന്‍ ക്യു3 കമ്പ്യൂട്ടിങ് ചിപ്പും നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനമായുള്ള ഒറിജിന്‍ ഒഎസ് 6 ഇന്‍റര്‍ഫേസിലാവും ഐക്യു 15 പ്രവര്‍ത്തിക്കുക. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 2k ഡിസ്‌പ്ലെ 6000 നിറ്റ്‌സ് വരെ ഉയര്‍ന്ന ബ്രൈറ്റ്‌നസ് നല്‍കുമെന്നാണ് ദി മിന്‍റിന്‍റെ റിപ്പോര്‍ട്ട്. 8k സിംഗിള്‍-ലെയര്‍ വേപ്പര്‍ ചേമ്പര്‍ ഫോണ്‍ ചൂടാവുന്നതില്‍ നിന്ന് തടയും. അതേസമയം, ഇന്ത്യയില്‍ ഐക്യു 15ന് എത്ര രൂപയാകുമെന്ന രഹസ്യം ഇപ്പോഴും പുറത്തായിട്ടില്ല.



