നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കോൺഗ്രസ് പ്രതികരിച്ചു.
ഗ്യാനേഷ് കുമാറിനെ ഏൽപ്പിച്ച ജോലി ചെയ്തു എന്ന് പാർട്ടി വക്താവ് പവൻ ഖേര തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ചു. ആദ്യ ട്രെൻഡുകളിൽ തന്നെ ഗ്യാനേഷ് ബിഹാറിലെ ജനങ്ങൾക്ക് എതിരാണെന്ന് വ്യക്തമായി. നടക്കുന്നത് ഗ്യാനേഷ് കുമാറും രാജ്യത്തെ ജനങ്ങളും തമ്മിലുള്ള പോരാട്ടമെന്നും പവൻ ഖേര വിമർശിച്ചു. ‘ടു സേർവ് വിത്ത് ലവ്’ എന്നൊരു പുസ്തകം ഗ്യാനേഷ് കുമാർ ഗുപ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി എഴുതുകയാണെന്നും ഖേര പറഞ്ഞു.
പ്രതിപക്ഷത്തെ 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ എന്ത് അത്ഭുതം സംഭവിക്കാനാണെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോറും എക്സിൽ കുറിച്ചിരുന്നു. കളി തുടങ്ങുന്നതിന് മുൻപ് വിജയിയെ പ്രഖ്യാപിച്ചാൽ അതിൽ എന്ത് ജനാധിപത്യമാണുള്ളത് എന്നും മാണിക്കം ടാഗോർ പ്രതികരിച്ചിരുന്നു.



