എച്ച്ഐവി, എയ്ഡ്‌സ് എന്നിവയ്‌ക്കെതിരായ പോരാട്ടത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള അവബോധം പകരുക എന്ന ലക്ഷ്യത്തോടെയാണ് 1988 മുതൽ ഡിസംബർ -1 എയ്‌ഡ്‌സ് ദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ ഇത്തവണ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 2010 മുതൽ 2024 വരെ പുതിയ രോഗികളുടെ എണ്ണത്തിൽ 48.7 ശതമാനം കുറവ് രേഖപ്പെടുത്തി. എയ്‌ഡ്‌സ് സംബന്ധമായ മരണ നിരക്കില്‍ 81.4 ശതമാനം കുറവും, മാതാവിൽ നിന്ന് കുഞ്ഞിലേക്ക് എച്ച് ഐ വി പകരുന്നതിൽ 74.6 ശതമാനം കുറവും കൈവരിച്ചതായും സർക്കാർ അറിയിച്ചു.
ലോക എയ്ഡ്‌സ് ദിനത്തിൻ്റെ ആഗോള പ്രമേയം “തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് ബാധയോടുള്ള പ്രതികരണം മാറ്റുക” എന്നതാണ്. “എച്ച്ഐവി പോസിറ്റീവ് ആകുക” എന്ന ലേബലുമായി ബന്ധപ്പെട്ടിരിക്കുന്ന അപമാനത്തിൻ്റെ പൊതുബോധം തകർക്കുക എന്നതു കൂടിയാണ് ഇതിൻ്റെ ലക്ഷ്യം. സാമൂഹ്യപ്രവർത്തകരെല്ലാം ഇന്നേ ദിവസം ചുവന്ന റിബൺ ധരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. എച്ച്ഐവി ബാധിതർക്കുള്ള അവബോധത്തിന്റെയും പിന്തുണയുടെയും സാർവത്രിക പ്രതീകമാണ് റെഡ് റിബൺ. 1991 മുതലാണ് ചുവന്ന റിബൺ എയ്‌ഡ്സ് അവബോധത്തിൻ്റെ പ്രതീകമായത്. ധൈര്യം, അഭിനിവേശം, ഹൃദയം, സ്നേഹം എന്നീ ഘടകങ്ങളുമായി ബന്ധപ്പെടുത്തിയാണ് റിബണിന് ചുവന്ന നിറം തെരഞ്ഞെടുത്തത്.
മനുഷ്യ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന വൈറസ് (എച്ച്ഐവി) മൂലമുണ്ടാകുന്ന അവസ്ഥയാണ് അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം അഥവാ എയ്ഡ്സ്. വൈറസ് രോഗിയുടെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുകയും മറ്റ് രോഗങ്ങളോടുള്ള പ്രതിരോധം കുറയ്ക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള സർക്കാർ സംവിധാനങ്ങളും ആരോഗ്യ ഉദ്യോഗസ്ഥരും സർക്കാരിതര സംഘടനകളും വ്യക്തികളും ഈ ദിനം ആചരിക്കുന്നു, രോഗപ്രതിരോധം, ചികിത്സ, പരിചരണം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. ലോകാരോഗ്യ സംഘടന ( WHO) ആചരിക്കുന്ന പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്ന് കൂടിയാണ് ലോക എയ്ഡ്സ് ദിനം .



