റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ പുതിയ ആയുധ കരാർ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. റഷ്യൻ യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങുന്നതിനുള്ള ചർച്ചകൾ ആരംഭിക്കാൻ ഇന്ത്യ പദ്ധതിയിടുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. Su-57 യുദ്ധവിമാനങ്ങളും, Su-57 യുദ്ധവിമാനങ്ങളുടെ നൂതന പതിപ്പും വാങ്ങുന്നതിനുള്ള ചർച്ചകൾ നടന്നേക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഡിസംബർ 4,5 തീയതികളിലായി നടക്കുന്ന ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തുന്നത്. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ 2025 ഡിസംബർ 4 മുതൽ 5 വരെ 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിക്കും,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ ചൊല്ലി യുഎസ് തീരുവ യുദ്ധം കടുപ്പിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളിലും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്താനും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും സന്ദര്‍ശനം ഗുണം ചെയ്യുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.



