ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70000 കടന്നതായി റിപ്പോർട്ട്. യുദ്ധം ആരംഭിച്ച 2023 ഒക്ടോബർ ഏഴ് മുതലുള്ള കണക്കാണ് ഗാസ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടത്. വെടിനിർത്തലിന് ശേഷം ഉണ്ടായ ഇസ്രയേൽ ആക്രമണത്തിൽ മാത്രം 300 ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
വെടിനിർത്തൽ കരാർ ലംഘിച്ചു എന്ന് ആരോപിച്ച് ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളാണ് മരണസംഖ്യ ഉയരാൻ കാരണമാകുന്നതെന്നും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെടുത്ത് കൊണ്ടിരിക്കുകയാണെന്നും ഹമാസ് ആരോപിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിനടുത്ത് കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പതിനൊന്നും, എട്ടും വയസുള്ള സഹോദരങ്ങളായ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ 20 ബന്ദികളെയാണ് ഹമാസ് ഇസ്രയേലിന് കൈമാറിയിട്ടുള്ളത്. 28 ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുകൊടുത്തിട്ടുണ്ട്. അതേസമയം, തങ്ങളുടെ കസ്റ്റഡിയിലുള്ള 2000 ത്തോളം പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു.
വെടിനിർത്തൽ കരാർ ലംഘിക്കുന്ന ഭീകരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേലിൻ്റെ വാദം. ഇസ്രയേലിനോട് വെടിനിർത്തൽ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് സമ്മർദ്ദം ചെലുത്താൻ ഹമാസ് മധ്യസ്ഥരെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, സിറിയയിലും ലെബനനിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച സിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു.



