മുംബൈയിൽ വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ,പലയിടങ്ങളിലും GRAP 4 പ്രകാരമുള്ള കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ഇതോടെ വായു മലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ ഡൽഹിക്കൊപ്പം മുംബൈയും ഇടം പിടിച്ചിരിക്കുകയാണ്.
മുംബൈയിലെ പല പ്രദേശങ്ങളിലും വായുവിൻ്റെ ഗുണനിലവാരം ‘വളരെ മോശം’ ‘ഗുരുതര’ പരിധി കടന്നിരിക്കുകയാണ്. ഇതിനെ തുടർന്നാണ് GRAP 4 പ്രകാരമുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള തീരുമാനം. മസ്ഗാവ്, ദിയോണർ, മലദ്, ബോറിവാലി ഈസ്റ്റ്, ചക്കാല-അന്ധേരി ഈസ്റ്റ്, നേവി നഗർ, പവായ്, മുളുന്ദ് തുടങ്ങിയ സ്ഥലങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
നിയന്ത്രണത്തെ തുടർന്ന് മുംബൈയിലെ പൗരസമിതിയായ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഈ പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങളും പൊടിപടലങ്ങൾ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളും നിർത്തിവച്ചിട്ടുണ്ട്. 50-ലധികം നിർമാണ സ്ഥലങ്ങൾക്ക് പണി നിർത്തലാക്കൽ/അടച്ചുപൂട്ടൽ നോട്ടീസുകൾ നൽകിയിട്ടുണ്ട്. ബേക്കറികൾ, മാർബിൾ കട്ടിങ് യൂണിറ്റുകൾ എന്നിവയുൾപ്പെടെയുള്ള ചെറുകിട വ്യവസായങ്ങളോട് വൃത്തി പാലിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മലിനീകരണ നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നതിനും മലിനീകരണം നിരീക്ഷിക്കുന്നതിനുമായി എല്ലാ വാർഡുകളിലും പൗര അധികാരികൾ ഫ്ലൈയിംഗ് സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. എഞ്ചിനീയർമാർ, പൊലീസ് ഉദ്യോഗസ്ഥർ, ജിപിഎസ് ട്രാക്ക് ചെയ്ത വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ സ്ക്വാഡുകളാണ് പ്രദേശങ്ങൾ നിരീക്ഷിക്കുക.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മുംബൈയിലെ പല പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക ‘വളരെ മോശം’, ‘ഗുരുതര’ വിഭാഗങ്ങളിലേക്കെത്തിയിട്ടുണ്ട്. ഡൽഹിയിലെ പോലെ തന്നെ, കണ്ണുകൾക്ക് എരിച്ചിൽ, ശ്വാസതടസം, തൊണ്ടവേദന എന്നിവ അനുഭവപ്പെടുന്നതായി പ്രദേശവാസികളും പരാതി ഉയർത്തിയിട്ടുണ്ട്.



